തിരുവനന്തപുരം: വർക്കലയിൽ കേക്ക് കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് പോസ്റ്റ്‍ മോർട്ടം റിപ്പോർട്ട്. വർക്കല ഇലകമൺ സ്വദേശി വിനു (23) ഇന്നലെ ആണ് മരിച്ചത്. ഇലകമൺ കരവാരത്ത് പ്രവർത്തിക്കുന്ന എൽബി ഫുഡ് പ്രോഡക്ട്സിൽ നിന്നാണ് വിനു കേക്ക് കഴിച്ചത്. സംഭവത്തിൽ കടയുടമക്കെതിരെ കേസെടുക്കുമെന്ന് അയിരൂർ പൊലീസ് വ്യക്തമാക്കി. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഫെബ്രുവരി 29 ന് വിനു എൽബി ഫുഡ് പ്രോഡക്ട്സിൽ നിന്ന കേക്ക് വാങ്ങി കഴിച്ചിരുന്നു. ഇതിന് പിന്നാലെ വയറുവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും തുടങ്ങി. ഇന്നലെ ശാരീരിക അസ്വസ്ഥതകൾ കൂടിയതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചു. ഇവിടെ വച്ച് വിനു മരിച്ചു. സമാന ലക്ഷണങ്ങളോടെ വിനുവിന്റെ അമ്മയും സഹോദരനും സഹോദരിയും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
വിനു മരിച്ചതിന് പിന്നാലെ അന്വേഷണം നടത്തിയപ്പോഴാണ് കേക്ക് വാങ്ങി കഴിച്ചതായി അറിയുന്നത്. ഉടൻ ഈ കടയിൽ നടത്തിയ പരിശോധനയിൽ കാലപ്പഴക്കം ചെന്ന കേക്കുകൾ കണ്ടെത്തിയിരുന്നു. പിന്നാലെ നടത്തിയ പോസ്റ്റ് മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ നിന്ന് കേക്ക് കഴിച്ചുണ്ടായ ഭക്ഷ്യ വിഷബാധയാണ് മരണകാരണമെന്ന് കണ്ടെത്തി. ഭക്ഷ്യവിഷബാധമൂലമുണ്ടായ ഛർദ്ദിയും നിർജ്ജലീകരണവും കാരണമാണ് വിനു മരിച്ചതെന്നാണ് വ്യക്തമാകുന്നത്. ഇലകമൺ പഞ്ചായത്ത് ആരോഗ്യവിഭാഗം താത്കാലികമായി കട അടപ്പിച്ചു.
Read Also: ഡീൻ വീട്ടിലേക്ക് വന്നത് പോലീസ് സുരക്ഷയോടെ, വിളിച്ചിട്ടില്ല; എം. കെ നാരായണന്റെ വാദങ്ങൾ തള്ളി പിതാവ്