വന്ദേഭാരത് സ്ലീപ്പർ സർവീസിന്റെ ആദ്യദിനം തന്നെ നാണക്കേട്
രാജ്യത്തെ അതിവേഗ ട്രെയിനായ വന്ദേഭാരതിന്റെ സ്ലീപ്പർ പതിപ്പ് കഴിഞ്ഞ ദിവസമാണ് സർവീസ് ആരംഭിച്ചത്.
പശ്ചിമ ബംഗാളിലെ മാൾഡയിൽ നിന്ന് ഗുവാഹാട്ടിയിലെ കാമാഖ്യയിലേക്കാണ് ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഓടിത്തുടങ്ങിയത്.
ഈ റൂട്ടിൽ നിലവിലുള്ള മറ്റ് എല്ലാ ട്രെയിനുകളേക്കാളും വേഗതയേറിയതാണ് വന്ദേഭാരത് സ്ലീപ്പർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തത്.
വിമാനയാത്രയ്‌ക്ക് സമാനമായ സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ ദീർഘദൂര യാത്രക്കാർക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക സ്ലീപ്പർ ട്രെയിൻ രൂപകൽപ്പന ചെയ്തത്.
എന്നാൽ ആദ്യ സർവീസിൽ തന്നെ യാത്രക്കാർ ട്രെയിനിനുള്ളിൽ മാലിന്യം വലിച്ചെറിയുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ട്രെയിനിന്റെ അകത്ത് കപ്പുകൾ, ഡിസ്പോസബിൾ സ്പൂണുകൾ, ഭക്ഷണ പാക്കറ്റുകൾ, ഒഴിഞ്ഞ കുടിവെള്ള കുപ്പികൾ, ടിഷ്യൂ പേപ്പറുകൾ തുടങ്ങിയവ നിലത്തും ട്രേ ടേബിളുകളിലും അശ്രദ്ധമായി വലിച്ചെറിഞ്ഞ നിലയിലാണ് ദൃശ്യങ്ങളിൽ കാണുന്നത്.
വന്ദേഭാരത് സ്ലീപ്പറിന്റെ ആദ്യദിവസത്തെ യാത്രയ്ക്കിടെയാണ് വീഡിയോ പകർത്തിയതെന്നാണ് റിപ്പോർട്ട്.
“ഇത് നോക്കൂ. ഇത് റെയിൽവേയുടെ തെറ്റാണോ? സർക്കാരിന്റെ തെറ്റാണോ? അതോ നിങ്ങളുടെ തെറ്റോ?
അല്പമെങ്കിലും പൗരബോധം കാണിക്കൂ” എന്ന് വീഡിയോ പകർത്തിയയാൾ പറയുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. റെഡ്ഡിറ്റിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഈ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി.
“കൂടുതൽ പണം കൊടുത്ത് യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സിവിക് സെൻസ് ഉണ്ടാകുമെന്നാണ് പലരും പറയുന്നത്. ഇപ്പോൾ കണ്ടില്ലേ?” എന്നായിരുന്നു ഒരാളുടെ കമന്റ്.
“നല്ല സംവിധാനങ്ങൾക്ക് നമ്മൾ അർഹരല്ല” എന്ന് മറ്റൊരാൾ കുറിച്ചു. പിഎൻആർ നമ്പർ പരിശോധിച്ച് മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് പിഴ ഈടാക്കണമെന്നും, ഭാവിയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ നിന്ന് വിലക്കണമെന്നും ചിലർ ആവശ്യപ്പെട്ടു.
ഹൗറ–ഗുവാഹാട്ടി വന്ദേഭാരത് സ്ലീപ്പർ
ഹൗറ–ഗുവാഹാട്ടി റൂട്ടിൽ യാത്രാസമയം ഏകദേശം 2.5 മണിക്കൂർ കുറയ്ക്കാൻ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന് കഴിയും.
മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുള്ള ട്രെയിനിൽ ആകെ 16 കോച്ചുകളാണുള്ളത്.
11 എസി ത്രീ-ടയർ കോച്ചുകൾ, 4 എസി ടു-ടയർ കോച്ചുകൾ, ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ച് എന്നിവ ഉൾപ്പെടുന്ന ട്രെയിനിൽ ഒരേസമയം 823 യാത്രക്കാർക്ക് സഞ്ചരിക്കാം.
സുരക്ഷയ്ക്കായി ‘കവച്’ സംവിധാനം, എമർജൻസി ടോക്ക് ബാക്ക് സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്. 400 കിലോമീറ്റർ വരെ ദൂരയാത്രയ്ക്ക് എസി ത്രീ-ടയർ ടിക്കറ്റുകൾ 960 രൂപ മുതലാണ് ആരംഭിക്കുന്നത്.
എസി ടു-ടയറിന് ഏകദേശം 1,240 രൂപയും ഫസ്റ്റ് ക്ലാസ് എസിക്ക് ഏകദേശം 1,520 രൂപയും ഈടാക്കും. ഏകദേശം 1,000 കിലോമീറ്റർ യാത്രയ്ക്ക് 2,400 മുതൽ 3,800 രൂപ വരെയാണ് നിരക്ക്.
യാത്രക്കാർക്ക് പ്രാദേശിക വിഭവങ്ങളും ട്രെയിനിൽ ലഭ്യമാക്കും. ഗുവാഹാട്ടിയിൽ നിന്ന് പുറപ്പെടുന്ന സർവീസിൽ ആസാമീസ് വിഭവങ്ങളും, കൊൽക്കത്തയിൽ നിന്ന് പുറപ്പെടുന്ന യാത്രയിൽ ബംഗാളി വിഭവങ്ങളും വിളമ്പും.
മികച്ച കുഷ്യനുകളോടുകൂടിയ ബെർത്തുകൾ, ഓട്ടോമാറ്റിക് ഡോറുകൾ, ശബ്ദം കുറഞ്ഞ യാത്രാനുഭവം എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
വന്ദേഭാരത് സ്ലീപ്പറിൽ വിഐപി പരിഗണനകളോ എമർജൻസി ക്വോട്ടയോ ഉണ്ടായിരിക്കില്ല. കൺഫേം ടിക്കറ്റുള്ള യാത്രക്കാർക്ക് മാത്രമേ ട്രെയിനിൽ പ്രവേശനം അനുവദിക്കൂ.
English Summary :
India’s first Vande Bharat Sleeper train, running from Malda in West Bengal to Kamakhya in Guwahati, has begun service with the aim of offering flight-like comfort at affordable prices. However, videos from the very first journey showing passengers littering the train have gone viral on social media, sparking a debate on civic sense and responsibility. The train, capable of speeds up to 180 kmph, features modern safety systems, premium sleeper facilities, and regional cuisine.
vande-bharat-sleeper-first-run-littering-viral-video
Vande Bharat Sleeper, Indian Railways, High Speed Train, Malda Guwahati Route, Viral Video, Civic Sense, Railway News, India Transport









