കൊച്ചി:സഹകരണ സ്ഥാപനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിദേശവിപണിയിലേക്ക്. മൂന്ന് സഹകരണ സംഘങ്ങൾ ഉല്‍പ്പാദിപ്പിക്കുന്ന ആറ് ഉല്‍പ്പന്നങ്ങളടങ്ങിയ ആദ്യ കണ്ടെയ്നര്‍ 25ന് വല്ലാര്‍പാടം ടെര്‍മിനലില്‍നിന്ന് യാത്രയാകും.Value added products produced by cooperatives to foreign markets
പകല്‍ 3.30ന് സഹകരണമന്ത്രി വി എന്‍ വാസവന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. അമേരിക്കയിലെ തീന്‍മേശകള്‍ കീഴടക്കാന്‍ വാരപ്പെട്ടി സഹകരണ ബാങ്കിന്റെ മസാലയിട്ട മരച്ചീനിയും കാക്കൂര്‍ സഹകരണ ബാങ്കിന്റെ കപ്പ വാട്ടിയതും തങ്കമണി സഹകരണ ബാങ്കിന്റെ പൊടിത്തേയിലയും അടക്കമുള്ള ആറു ഉല്‍പ്പന്നങ്ങളാണ് കപ്പല്‍ കയറുന്നത്.
സംസ്ഥാന സഹകരണവകുപ്പിന്റെ ഇടപെടലിലൂടെയാണ് സഹകരണ സ്ഥാപനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിദേശവിപണി പിടിക്കാന്‍ കപ്പല്‍ കയറുന്നത്.
സഹകരണ സ്ഥാപനങ്ങള്‍ക്കുകീഴില്‍ നിര്‍മിക്കുന്ന മൂല്യവര്‍ധിത കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വിദേശത്തടക്കം വിപണി കണ്ടെത്താനാണ് കയറ്റുമതി.
മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സംസ്ഥാനത്തെ 22 സഹകരണ സംഘങ്ങളുടെയും കയറ്റുമതി സ്ഥാപനങ്ങളുടെയും യോഗം ജനുവരിയില്‍ തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു.
അതില്‍നിന്ന് തെരഞ്ഞെടുത്ത മൂന്ന് സ്ഥാപനങ്ങളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് ആദ്യഘട്ടത്തില്‍ കടല്‍ കടക്കുന്നത്. ഗുണനിലവാരപരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയാണ് വിദേശവിപണി പ്രവേശനം സാധ്യമാക്കിയത്. സഹകരണ സ്ഥാപനങ്ങളുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി രാജ്യത്ത് ആദ്യമാണ്.
കോതമംഗലം സഹകരണ ബാങ്കിനുകീഴില്‍ ഉല്‍പ്പാദിപ്പിക്കുന്ന മരച്ചീനി മസാലയ്ക്കുപുറമെ ബനാന ക്രിപ്സി വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക എന്നിവയും അമേരിക്കന്‍ വിപണിയിലേക്ക് പോകും.
ജൂലൈ ആദ്യവാരം കൂടുതല്‍ സഹകരണ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ബ്രിട്ടന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും വരുംമാസങ്ങളില്‍ കയറ്റുമതിയുണ്ടാകും.
25 വര്‍ഷമായി അമേരിക്കയില്‍ ഭക്ഷ്യോല്‍പ്പന്നവ്യാപാരം നടത്തുന്ന കോതമംഗലം ആസ്ഥാനമായ മഠത്തില്‍ എക്‌സ്‌പോര്‍ട്ടിങ് കമ്പനിയാണ് ഇവിടെനിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്.