കെപിസിസി നിയമസഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ലോയോഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും വി.എസ്.ചന്ദ്രശേഖരൻ രാജിവച്ചു. കെപിസിസി അധ്യക്ഷൻ കെ.സുധാകരന് ഇത് സംബന്ധിച്ച് കത്തയച്ചു. V.S. Chandrasekharan Relinquished posts; Resignation letter Handed over to Sudhakaran
സിനിമാ പീഡന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് ചന്ദ്രശേഖരൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരന് അയച്ച രാജിക്കത്തിൽ പറയുന്നു.
ഷൂട്ടിങ് ലൊക്കേഷനായ ബോൾഗാട്ടി കാണിക്കാൻ കൊണ്ടുപോകുന്നതിനിടെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചുവെന്നും മറ്റൊരാളുടെ അടുത്തേക്കാണ് തന്നെ എത്തിച്ചെന്നുമായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
ലൈംഗിക ചൂഷണത്തിനായി നടിയെ നിർമാതാവ് താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് എത്തിച്ചുവെന്ന വെളിപ്പെടുത്തലിലാണ് ചന്ദ്രശേഖരൻ ആരോപണ വിധേയനായത്.
ചന്ദ്രശേഖരനെ കൂടാതെ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, പ്രൊഡക്‌ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു എന്നിവർക്കെതിരെയും നടി ആരോപണം ഉന്നയിച്ചിട്ടുണ്ട്. മുകേഷിന്റെ രാജി ആവശ്യപ്പെടുന്ന കോൺഗ്രസിന് ചന്ദ്രശേഖരന്റെ രാജി അഭിമാന പ്രശ്നമായിരുന്നു.
ചന്ദ്രശേഖരനെതിരെ ഹൈക്കോടതിയിലെ വനിത അഭിഭാഷക കൂട്ടായ്മ രംഗത്തെത്തിയിരുന്നു. എല്ലാ സ്ഥാനത്ത് നിന്നും ചന്ദ്രശേഖരനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് വനിത അഭിഭാഷകർ പരാതി നൽകി.