ബലാല്സംഗക്കേസിൽ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. എഴുത്തുകാരി ഇ. ജീൻ കാരളിനെ ബലാത്സംഗം ചെയ്തെന്ന കേസിൽ പരാതിക്കാരിക്ക് നഷ്ടപരിഹാരം നൽകണമെന്ന വിചാരണക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു. US President-elect Donald Trump suffers major setback in rape case
ലൈംഗികാതിക്രമത്തിന് 17 കോടി രൂപയും പരാതിക്കാരിയെ അപകീർത്തിപെടുത്തിയതിന് 25 കോടി രൂപയും ചേർത്ത് മൊത്തം 42 കോടി രൂപ ട്രംപ് നൽകണമെന്നാണ് കോടതി ഉത്തരവ്. മാൻഹാട്ടൻ യു.എസ് സർക്യൂട്ട് കോടതിയിലെ മൂന്ന് ജഡ്ജിമാരടങ്ങിയ പാനലാണ് വിധി പ്രസ്താവിച്ചത്.
നേരത്തെ പ്രസ്താവിച്ച വിധിയിൽ ജില്ലാ കോടതിക്ക് തെറ്റുപറ്റിയെന്ന് തെളിയിക്കാൻ ട്രംപിനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഈ വിധിക്കെതിരേയും അപ്പീൽ നൽകുമെന്ന് ട്രംപിന്റെ വക്താവ് അറിയിച്ചു. കഴിഞ്ഞ വർഷം ഒമ്പത് ദിവസത്തെ വിചാരണയ്ക്കൊടുവിലായിരുന്നു ട്രംപിന് ശിക്ഷ വിധിച്ചത്.
ട്രംപിനെതിരേ 2019-ലാണ് എൽ മാസിക പംക്തിയെഴുത്തുകാരിയായിരുന്ന കാരൾ ആരോപണവുമായി രംഗത്തെത്തിയത്. 1996-ൽ മാൻഹാട്ടനിലെ ആഡംബരവസ്ത്രശാലയിൽ വസ്ത്രം മാറുന്ന മുറിയിൽവെച്ച് ട്രംപ് ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി.
തുടർന്ന് നടന്ന അന്വേഷണത്തിൽ 1996-ൽ ഒരു മാൻഹട്ടൻ ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറിൽ വെച്ച് നിയുക്ത പ്രസിഡൻ്റ് ട്രംപ് കരോളിനെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി ന്യൂയോർക്ക് ജൂറി കണ്ടെത്തിയിരുന്നു.