വാഷിങ്ടൻ: മറ്റു രാജ്യങ്ങൾക്ക് മേൽ അധിക നികുതി ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ യുഎസ് ഫെഡറൽ കോടതി. മറ്റു രാജ്യങ്ങൾക്കു മേൽ നികുതി ചുമത്താൻ അധികാരമില്ല എന്ന് അറിയിച്ച കോടതി താരിഫ് നയങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി.
യുഎസ് കോർട്ട് ഓഫ് ഇന്റർനാഷനൽ ട്രേഡിലെ മൂന്നംഗ ബെഞ്ചാണ് ട്രംപിനെതിരെ വിധി പുറപ്പെടുവിച്ചത്. യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ മറ്റു രാജ്യങ്ങൾക്കു മേൽ നികുതി ചുമത്താൻ ട്രംപിന് അധികാരമില്ല എന്നും കോടതി വ്യക്തമാക്കി. പുതിയ തീരുവ ചുമത്തുന്നതിൽ നിന്ന് ട്രംപിനെ തടഞ്ഞ കോടതി, നിയമം അനുശാസിക്കുന്ന അധികാരങ്ങൾക്ക് അപ്പുറത്തേക്ക് ട്രംപ് കടന്നുവെന്നും വിമർശിച്ചു.
1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്റ്റ് നിയമം പ്രസിഡന്റിന് ഒരിക്കലും താരിഫ് ഉയർത്താൻ പരിധിയില്ലാത്ത അധികാരം നൽകുന്നില്ലെന്നും കോടതി പറഞ്ഞു. ഈ വർഷം ഏപ്രില്‍ രണ്ടിനാണ് ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്കുമേല്‍ താരിഫ് ഏര്‍പ്പെടുത്തിക്കൊണ്ടുളള പ്രഖ്യാപനം ട്രംപ് നടത്തിയത്.
20 ശതമാനം പകരച്ചുങ്കം പ്രതീക്ഷിച്ചിരുന്ന ഇന്ത്യയ്ക്ക് 27 ശതമാനം തീരുവയാണ് ചുമത്തിയിരുന്നത്. ചൈനയ്ക്ക് 34 ശതമാനവും യൂറോപ്യന്‍ യൂണിയന് 20 ശതമാനവും യുകെയ്ക്ക് 10 ശതമാനവും ജപ്പാന് 24 ശതമാനവും തീരുവയായിരുന്നു ട്രംപ് പ്രഖ്യാപിച്ചത്. തുടർന്ന് ഇവയെല്ലാം തത്കാലത്തേക്ക് മരവിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം വിധിക്കെതിരെ ട്രംപ് സുപ്രീംകോടതിയിൽ അപ്പീൽ പോകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ താരിഫ് നയങ്ങൾ വഴി മറ്റു രാജ്യങ്ങളെ കൊണ്ട് യുഎസിന് അനുകൂലമായ വ്യാപാര കരാറുകൾ ഉണ്ടാക്കാൻ ട്രംപിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്. തൊഴിലവസരങ്ങൾ തിരികെ കൊണ്ടുവരാനും ഫെഡറൽ കമ്മി കുറയ്ക്കാനും ഇത് വഴി സാധിച്ചെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു.