സെലിബ്രിറ്റികളെ തട്ടിക്കൊണ്ടുപോകുന്ന നാലംഗസംഘം യുപി ബിജ്‌നോർ പോലീസിന്റെ പിടിയിൽ. നടൻ മുഷ്താഖ് ഖാൻ ഇവരുടെ കെണിയൽപെട്ടപ്പോൾ മറ്റൊരു നടനായ ശക്തി കപൂർ രക്ഷപ്പെടുകയും ചെയ്തു. സർത്തക് ചൗധരി, സബിയുദ്ദീൻ, അസിം, ശശാങ്ക് എന്നിവരാണ് പിടിയിലായത്.
പരിപാടിയിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് പണവും സിനിമാ ടിക്കറ്റും ആദ്യമേ നൽകും. ഇത് സ്വീകരിച്ചാൽ തട്ടിക്കൊണ്ടുപോയി പണം പിടുങ്ങുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി. മുഷ്താഖ് ഖാന് 25,000 രൂപയും വിമാന ടിക്കറ്റും മുൻകൂറായി നൽകിയാണ് കെണിയിൽപ്പെടുത്തിയത്.
മീററ്റിലെ ഒരു പരിപാടിയിലേക്കാണ് മുഷ്താഖ് ഖാനെ ക്ഷണിച്ചത്. ഡൽഹിഎയർപോർട്ടിൽ എത്തിയപ്പോൾ ഒരു ടാക്സി ഡ്രൈവർ കൂട്ടിക്കൊണ്ടുപോയി മീററ്റിനും ഡൽഹിക്കും ഇടയിലുള്ള പ്രശസ്തമായ ‘ഷികാൻജി’ ഷോപ്പിൽ എത്തിക്കുകയായിരുന്നു.
അവിടെവെച്ച്, മറ്റൊരു വാഹനത്തിൽ കയറ്റുകയായിരുന്നു. തുടർന്ന് തട്ടിക്കൊണ്ടുപോയി മുൻപ് പണം നൽകിയ ലാവി എന്നയാളുടെ വീട്ടിലെത്തിച്ചു. ഇയാൾ ഭീഷണിപ്പെടുത്തി ബാങ്ക് വിവരങ്ങൾ കൈവശപ്പെടുത്തി.
അക്കൗണ്ടിൽ നിന്ന് 2.2 ലക്ഷം രൂപയാണ് ഇവർ കവർന്നത്. തട്ടിക്കൊണ്ടു പോയവർ മദ്യപിച്ച് ബോധം കേട്ട് കിടന്നപ്പോൾ തൊട്ടടുത്തുള്ള പള്ളിയിൽ എത്തിയാണ് ഖാൻ രക്ഷപ്പെട്ടത്.പ്രതികളിൽ നിന്നും 1.04 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു.
ഒരു പരിപാടിക്ക് ശക്തി കപൂറിന് 5 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തതെങ്കിലും ഇവർ മുൻകൂർ പണം അടച്ചില്ല. അതുകൊണ്ട് മാത്രം ശക്തി കപൂർ രക്ഷപ്പെട്ടു. ഇപ്പോൾ ലാവി ഉൾപ്പെടെയുള്ള മറ്റ് സംഘാംഗങ്ങൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
ഇതിനുമുമ്പ് ഹാസ്യനടൻ സുനിൽ പാലിനെയും ഒരു സംഘം തട്ടിക്കൊണ്ടുപോയിരുന്നു. മോചനദ്രവ്യമായി ആദ്യം 20ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഒടുവിൽ 7.50 ലക്ഷം രൂപ നൽകിയതിന് ശേഷമാണ് ഇവരെ വിട്ടയച്ചത്. ഈ കേസിൽ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച എസ്‌യുവി സ്‌കോർപ്പിയോയും 2.25 ലക്ഷം രൂപയും മൊബൈൽ ഫോണും ഒരു പ്രതി അർജുനിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണ്.