കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ, മഴയ്ക്ക് ഒപ്പം എത്തിയ അതിശക്തമായ കാറ്റിൽ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം സംഭവിച്ചു. പാലാ പ്രവിത്താനത്ത് റോഡിലേക്ക് മരം വീണ് വൈദ്യുതി പോസ്റ്റുകൾ അടക്കം തകർന്നു. പ്രവിത്താനം– ഉള്ളനാട് റോഡിൽ ഗതാഗത തടസ്സമുണ്ട്. ഉച്ചയ്ക്ക് 12.30ഓടെ വീശിയടിച്ച കാറ്റിലാണു നാശം. (Unexpected wind accompanied by rain; Heavy damage in Kottayam district)
കുമരകം– ചേർത്തല റോഡിൽ ബണ്ട് റോഡിൽ മരം റോഡിലേക്ക് കടപുഴകി വീണു. രണ്ട് കാറുകൾക്കു മുകളിലേക്കാണു മരം വീണത്. റോഡിൽ ഗതാഗത തടസ്സമുണ്ട്. വാഴൂർ– ചങ്ങനാശേരി റോഡിൽ ചമ്പക്കര പള്ളിക്കു സമീപം കൂറ്റൻ മരം റോഡിലേക്കു വീണു. അഗ്നിരക്ഷാസേന മരം വെട്ടി നീക്കുകയാണ്. ഇവിടെയും റോഡിൽ ഗതാഗത തടസ്സമുണ്ട്.
ഏറ്റുമാനൂർ പൂഞ്ഞാർ റോഡിൽ കട്ടച്ചിറയിൽ കനത്ത കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി റോഡിലേക്ക് വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾക്ക് മുകളിലേക്ക് മരങ്ങൾ ഉൾപ്പെടെ വീണെങ്കിലും ആർക്കും കാര്യമായ പരിക്കുകളില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ റോഡിൽ നിന്നും മരങ്ങൾ നീക്കുകയാണ്. റോഡിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്കും കേടുപാടുകളുണ്ട്.