കുളത്തൂപ്പുഴ: വനത്തിനുള്ളിൽ അശ്രദ്ധമായി തീ കത്തിച്ചതിനെത്തുടർന്ന് അടിക്കാടുകളും തടികളും കത്തിനശിച്ചു.
കഴിഞ്ഞദിവസം ഉച്ചയോടെയാണ് ചോഴിയക്കോട് മിൽപ്പാലം ഭാഗത്ത് ആറ്റിനോട് ചേർന്നുള്ള ഇടവനത്തിലാണ് തീപടർന്നത്. രാവിലെ പുറമെ നിന്നെത്തിയ ഏതാനും യുവാക്കൾ പുഴയിൽ കുളിക്കുകയും സമീപത്തിരുന്ന് ഭക്ഷണം പാചകം ചെയ്തു കഴിക്കുകയും ചെയ്തിരുന്നു.
ആഘോഷങ്ങൾക്കുശേഷം ശരിയായ രീതിയിൽ തീ കെടുത്താതെ ഇവർ മടങ്ങുകയായിരുന്നെന്നാണ് സൂചന. പിന്നാലെ സമീപത്തെ അടിക്കാടുകൾക്ക് തീപിടിക്കുകയും പുഴയോരത്ത് വീണുകിടന്നിരുന്ന വൻമരമടക്കം കത്തി നശിക്കുകയായിരുന്നു.
ഏറെ നേരത്തിനുശേഷം വനത്തിൽ തീപടരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ വിവരം നൽകിയതിൻറെ അടിസ്ഥാനത്തിൽ കുളത്തൂപ്പുഴ വനം റേഞ്ച് ഓഫിസർ അരുൺ രാജേന്ദ്രൻറെ നേതൃത്വത്തിൽ വനപാലകരും വനം വാച്ചർമാരും നാട്ടുകാരും ചേർന്ന് തീ അണച്ചു.
ഏതാനും ദിവസങ്ങൾക്ക് മുമ്പും സമാനസംഭവങ്ങൾ ഇവിടെ ഉണ്ടായി. സംഭവത്തെ തുടർന്ന് യുവാക്കൾക്കെതിരെ കേസെടുത്തതായി വനംവകുപ്പ് അധികൃതർ അറിയിച്ചു.