മരട്: സന്തോഷ് ശെൽവൻ അടക്കമുള്ള കുറുവ മോഷ്ടാക്കൾ താമസിച്ചിരുന്നത് കുണ്ടന്നൂർ പാലത്തിനുകീഴിൽ തമ്പടിച്ചിരുന്ന കൊട്ടവഞ്ചിക്കാരായ അന്തർ സംസ്ഥാനക്കാർക്കൊപ്പം.
ആക്രി ശേഖരിച്ച് വിൽപന നടത്തുന്നവരെന്ന് വിശ്വസിപ്പിച്ചാണ് ഇവർ ഇവിടെ തങ്ങിയിരുന്നത്.
കുറുവസംഘത്തെ കുണ്ടന്നൂർ പാലത്തിന് താഴെനിന്ന് പിടികൂടിയ സംഭവത്തിന് പിന്നാലെ ഇവിടെ താമസിച്ചിരുന്ന കൊട്ടവഞ്ചിക്കാരെ ഉൾപ്പെടെ പൊലീസ് ഒഴിപ്പിച്ചു.
കഴിഞ്ഞദിവസം മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ ജീപ്പിൽനിന്ന് ചാടിപ്പോകുകയും പിന്നീട് തിരച്ചിലിനൊടുവിൽ സന്തോഷ് പിടിയിലാവുകയുമായിരുന്നു.
തുടർന്നാണ് പൊലീസ് കൊട്ടവഞ്ചിക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളെടുത്തത്. കുണ്ടന്നൂർ പാലത്തിനുതാഴെയാണ് കൊട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തുന്ന അന്തർസംസ്ഥാനക്കാർ തമ്പടിച്ചിരുന്നത്.
ഇവർക്കൊപ്പമാണ് സന്തോഷ് ശെൽവനും സംഘങ്ങളും നാളുകളായി താമസിച്ചുവന്നത്. കൂടാതെ, ഷീറ്റ് വലിച്ച് മറച്ച സ്ഥലത്ത് ഒളിക്കാനായി കുഴി എടുത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.