അസഹ്യമായ വയറുവേദന, പനി, മൂത്രത്തിൽ പഴുപ്പ് തുടങ്ങിയവ പതിവായതോടെയാണ് യുവതി ചികിത്സ തേടി ആശുപത്രിയിൽ എത്തുന്നത്. മുൻപ് ശസ്ത്രക്രിയ നടത്തിയ സുജ ഡോക്ടറെ പല തവണ വീട്ടിൽ പോയി കണ്ടു ചികിത്സ തേടി. എന്നാൽ വിശദമായ പരിശോധന നടത്തുന്നതിനു പകരം മരുന്നുകൾ നൽകി മടക്കുകയായിരുന്നു.
വേദന രൂക്ഷമായതോടെ 2023 മാർച്ച് എസ്എടി ആശുപത്രിയിൽപ്രവേശിപ്പിച്ചു. സിസേറിയൻ സമയത്ത് രക്തവും മറ്റും വലിച്ചെടുക്കാൻ ഉപയോഗിക്കുന്ന സർജിക്കൽ മോപ് ഗർഭപാത്രത്തിനുള്ളിൽ ഉണ്ടെന്ന കാര്യം അപ്പോഴാണ് കണ്ടെത്തിയത്. തുടർന്ന് മറ്റൊരു ശസ്ത്രക്രിയയിലൂടെ സർജിക്കൽ മോപ് പുറത്തെടുത്തു. ഇരുപത് ദിവസത്തോളം ആശുപത്രിയിൽ കഴിയേണ്ടതായും വന്നു. എന്നാൽ,തൻ്റെ ഭാഗത്തു വീഴ്ച ഇല്ലെന്നും സ്‌റ്റാഫ് നഴ്സാണ് ഉത്തരവാദിയെന്നുമായിരുന്നു മുൻപ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ സുജയുടെ വാദം.
സിസേറിയൻ കഴിയുമ്പോൾ അതിനുവേണ്ടി ഉപയോഗിച്ച സാധനങ്ങളുടെ പട്ടിക പരിശോധിച്ച് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം ഡോക്ടർക്കാണെന്ന് ലോക് അദാലത്ത് ചെയർമാൻ പി.ശശിധരൻ, അംഗങ്ങളായ വി.എൻ.രാധാകൃഷ്ണൻ, ഡോ.മുഹമ്മദ് ഷെറീഫ് എന്നിവർ വ്യക്തമാക്കി. ഡോക്ടർക്കെതിരെ പരാതിയുമായി ജീതുവിൻ്റെ കുടുംബം എത്തിയതോടെ ആരോഗ്യ മന്ത്രി വീണാ ജോർജ് വിഷയത്തിൽ ഇടപെട്ട് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
മെഡിക്കൽ സംഘത്തിന്റെ വിദഗ്ധ അഭിപ്രായം വേണമെന്നതിനാൽ കേസ്, നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷിച്ചത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പിന്നീട് എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നപ്പോഴുള്ള ചികിത്സ സംബന്ധിച്ച രേഖകൾ പരിശോധിച്ചായിരുന്നു വിധി.