കൊല്‍ക്കത്ത: സസ്പെൻസ് ത്രില്ലറിനൊടുവിൽ അവസാന പന്തിൽ ഒരു റൺസിനായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ വിജയം. 223 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ആർ.സി.ബി പലപ്പോഴും അവരുടെ റെക്കോർഡ് ചേസിംഗ് നടത്തുമെന്ന് തോന്നിപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. വിൽ ജാക്സും രജത് പടിദാറും സീസണിൽ ആദ്യമായി ഫോമിലേക്കെത്തിയ മത്സരത്തിൽ വിജയം പലകുറി മാറിമറിഞ്ഞു.24 കോടിക്ക് ടീമിലെത്തിച്ച മിച്ചൽ സ്റ്റാർക്കാണ് മത്സരം കൊൽക്കത്തയ്‌ക്ക് അനുകൂലമാക്കിയത്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള നിർണായക മത്സരത്തിൽ വിജയത്തിനു തൊട്ടരികെ വരെയെത്തിയ ശേഷമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു തോൽവി ഏറ്റുവാങ്ങിയത്. അനായാസം ജയിക്കാന്‍ സാധിക്കുമായിരുന്ന മല്‍സരമാണ് ആര്‍സിബി ഒരു റണ്‍സ് മാത്രമകലെ കൈവിട്ടത്. കെകെആര്‍ നല്‍കിയ 223 റണ്‍സെന്ന വലിയ ലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി അവസാനത്തെ ബോളില്‍ 221 റണ്‍സില്‍ കാലിടറി വീഴുകയായിരുന്നു. ഇതോടെ മല്‍സരത്തില്‍ ആര്‍സിബിക്കെതിരേ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന സംശയമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. കാരണം വിവാദപരമായ രണ്ടു തീരുമാനങ്ങളാണ് ഈ മല്‍സരത്തില്‍ കണ്ടത്. വിരാട് കോലിയുടെ വിവാദ പുറത്താവല്‍ കൂടാതെയാണ് വേറെ രണ്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പുതിയ സാങ്കേതിക വിദ്യകള്‍ കൊണ്ടു വന്നിട്ടും ഇത്ര വലിയ പിഴവുകള്‍ എന്തുകൊണ്ടു സംഭവിച്ചുവെന്നതാണ് ആരാധകരുടെചോദ്യം.
സുനില്‍ നരെയ്‌നെറിഞ്ഞ 13ാമത്തെ ഓവറിലായിരുന്നു ആദ്യത്തെ സംഭവം. ഓവറിലെ മൂന്നാമത്തെ ബോളില്‍ കാമറൂണ്‍ ഗ്രീനിനെ അദ്ദേഹം മടക്കിയിരുന്നു. തൊട്ടുമുമ്പത്തെ ബോളില്‍ സിക്‌സര്‍ പറത്തിയ ഗ്രീന്‍ വീണ്ടും സാമനമായ ഷോട്ടിനു തുനിഞ്ഞതോടെയാണ് പുറത്തായത്. ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെ സിക്‌സർ പറത്താൻ ശ്രമിച്ച ഗ്രീനിനെ ബൗണ്ടറി ലൈനിന് അരികെ രമണ്‍ദീപ് സിങ് പിടികൂടുകയായിരുന്നു. ആര്‍സിബിയെ ഞെട്ടിച്ചാണ് ഓവറിലെ അവസാന ബോളില്‍ മഹിപാല്‍ ലൊംറോറിനെയും നരെയ്ന്‍ മടക്കിയത്. ലെഗ് സൈഡിലേക്കു കളിക്കാനായിരുന്നു ലൊംറോറിന്റെ ശ്രമം. പക്ഷെ അല്‍പ്പം ടേണ്‍ ചെയ്ത ബോള്‍ ബാറ്റിന്റെ അരികില്‍ തട്ടി ആകാശത്തേക്ക് ഉയർന്നു നരെയ്ന്‍ തന്നെ അതു പിടികൂടുകയുമായിരുന്നു. പക്ഷെ അതൊരു നോ ബോള്‍ ആയിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. ബൗള്‍ ചെയ്യുമ്പോള്‍ നരെയ്‌ന്റെ കാല്‍ പുറത്തായിരുന്നുവെന്നു റീപ്ലേയില്‍ വ്യക്തമായിരുന്നു. പക്ഷെ അംപയര്‍ അതു നോ ബോള്‍ വിളിക്കാന്‍ തയ്യാറായില്ല. ഒരു എക്‌സ്‌ട്രൈാ റണ്‍സും ഫ്രീഹിറ്റും ലഭിക്കേണ്ടയിടത്താണ് ലൊംറോറിന്റെ വിക്കറ്റ് അംപയറിങ് പിഴവ് കാരണം ആര്‍സിബിക്കു നഷ്ടമായത്.
സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെറിഞ്ഞ 17ാമത്തെ ഓവറിലായിരുന്നു രണ്ടാമത്തെ സംഭവം. ദിനേശ് കാര്‍ത്തിക്കും സുയാഷ് പ്രഭുദേശായിയുമായിരുന്നു ക്രീസില്‍. ആര്‍സിബിക്കു അപ്പോള്‍ 24 ബോളില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 42 റണ്‍സുമാണ്. ആദ്യത്തെ നാലു ബോളില്‍ സിംഗിള്‍ മാത്രമേ ആര്‍സിബിക്കു ലഭിച്ചുള്ളൂ. അഞ്ചാമത്തെ ബോൾ പ്രഭുദേശായ് അതിർത്തി കടത്തി. പക്ഷെ ഇതു യഥാര്‍ഥത്തില്‍ ഫോറല്ല, സിക്‌സറായിരുന്നു. പാഡുകളിലേക്കു ആംഗിള്‍ ചെയ്തു വന്ന ഒരു ഷോര്‍ട്ട് ബോളായിരുന്നു ഇത്. ബാക്ക് ഫൂട്ടില്‍ നിന്ന് ഷോര്‍ട്ട് ഫൈന്‍ ലെഗ് ഏരിയയിലേക്കു ഒരു പുള്‍ ഷോട്ടാണ് പ്രഭുദേശായ് കളിച്ചത്. ബോള്‍ ബൗണ്ടറി കടക്കുകയും അംപയര്‍ അതു ഫോര്‍ വിധിക്കുകയും ചെയ്തു. ബൗണ്ടറി ലൈനലിനു തൊട്ടപ്പുറത്താണ് ബോള്‍ വീണതെന്നു റീപ്ലേകള്‍ സൂക്ഷ്മമായി നോക്കിയാല്‍ ബോധ്യമാവും. പക്ഷെ അംപയര്‍മാര്‍ മറ്റൊരു ആംഗിളില്‍ നിന്നും ഈ ബൗണ്ടറി ചെക്ക് ചെയ്യാനോ അതു ഫോര്‍ തന്നെയാണോയെന്നു ഉറപ്പിക്കാനോയുള്ള ശ്രമം നടത്തിയില്ല എന്നാണ് വിമർശനം. തീരുമാനം തേര്‍ഡ് അംപയര്‍ക്കു കൊടുത്തിരുന്നെങ്കില്‍ ആര്‍സിബിക്കു സിക്‌സറാണ് ലഭിക്കേണ്ടിയിരുന്നത്.