കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിന്റെ ഗാലറിയിൽ നിന്നും വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎയെ വെന്റിലേറ്ററിലേക്ക് മാറ്റി. പരിക്ക് ഗുരുതരമായതിനെ തുടർന്നാണ് എംഎൽഎയെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ മുറിവേറ്റു, തലച്ചോറിലും മുറിവുണ്ടായെന്നും നട്ടെല്ലിനും പരുക്കുണ്ടെന്നും ഉമാ തോമസിനെ ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു.(Uma Thomas MLA shifted to ventilator)
ഇന്ന് വൈകീട്ട് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ആർട്ട് മാഗസിൻ ആയ മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു അപകടം സംഭവിച്ചത്. ഇരുപതടിയോളം ഉയരത്തിൽ നിന്നാണ് ഉമ തോമസ് വീണത്. ഇരിക്കാൻ ശ്രമിക്കുന്നതിനിടെ താത്കാലിക ബാരിക്കേഡിൽ പിടിച്ച് ഇരുന്നതാണ് അപകടത്തിന് കാരണമായത്. വേദിയ്ക്ക് മുന്നിൽ ബാരിക്കേഡായി വെച്ചിരുന്നത് താത്കാലികമായി കെട്ടിയ റിബൺ ആയിരുന്നു. അപകടസമയത്ത് സേഫ്റ്റി ഗാർഡുമാർ ഇല്ലായിരുന്നു.
നിലവിൽ അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യം ഇല്ലെന്നും 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ബാക്കി കാര്യങ്ങൾ അറിയാൻ സാധിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.