ന്യൂഡൽഹി: ഇൻസ്റ്റാഗ്രാം സുഹൃത്തിനെ കാണാൻ ഡൽഹിയിലെത്തിയ യുകെ സ്വദേശിനി ഹോട്ടലിൽ വെച്ച് പീഡനത്തിനിരയായതായി പരാതി. ഡൽഹി മഹിപാൽപൂരിലെ ഹോട്ടലിൽ വെച്ച് താൻ പീഡനത്തിനിരയായതായാണ് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്ത് കൈലാഷിനെയും ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വസീമിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
അവധി ആഘോഷത്തിനിടെ മഹാരാഷ്ട്രയും, ഗോവയും സന്ദർശിക്കുന്നതിനായാണ് യുവതി ഇന്ത്യയിലെത്തിയത്. തുടർന്ന് സഹായത്തിനായി കൈലാഷിനെ വിളിച്ച് ഒപ്പം വരാൻ പറയുകയായിരുന്നു. എന്നാൽ തനിക്ക് യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് പറഞ്ഞ കൈലാഷ്, യുവതിയോട് ഡൽഹിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഇയാളുടെ നിർദേശത്തെ തുടർന്നാണ് യുവതി ചൊവ്വാഴ്ച ഡൽഹിയിലെത്തിയത്.
യുവതിയെ കാണാൻ തന്റെ സുഹൃത്തായ വസീമിനെയും കൂട്ടിയാണ് കൈലാഷ്
മഹിപാൽപൂരിലെ ഹോട്ടലിലെത്തിയത്. തുടർന്ന് ഇരുവരും ചേർന്ന് രാത്രി യുവതിയെ പീഡിപ്പിച്ചു എന്നാണ് പരാതി. പിറ്റേ ദിവസം രാവിലെ യുവതി വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കേസിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പൊലീസ് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഉടൻ തന്നെ വിവരം കൈമാറി. അവിടെ നിന്നുള്ള ഉദ്യോഗസ്ഥർ യുവതിക്ക് സഹായം നൽകിവരികയാണ്.
യുവതിയുടെ പരാതിയെ അടിസ്ഥാനമാക്കി സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ കൈലാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് ഇംഗ്ലീഷ് ഭാഷ വശമില്ലായിരുന്നുവെന്നും, ഗൂഗിൾ ട്രാൻസ്‍ലേറ്റ് ഉപയോഗിച്ചാണ് താനുമായി സംസാരിച്ചതെന്നും യുവതി പൊലീസിനോട് പറഞ്ഞു.