കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വ്യാജപീഡന പരാതിയെ തുടർന്ന് രണ്ട് യുവാക്കൾ ജയിലിൽ കഴിഞ്ഞത് 68 ദിവസം.Two youths spent 68 days in jail following a false molestation complaint by a minor girl
പത്തൊൻപതും ഇരുപതും വയസുള്ള യുവാക്കളാണ് ചെയ്യാത്ത കുറ്റത്തിന് രണ്ടു മാസത്തിലേറെ ജയിലിൽ കിടന്നത്. യുവാക്കളുടെ ബന്ധുവായ സ്കൂൾ വിദ്യാർത്ഥിനിയാണ് ഇരുവർക്കുമെതിരെ പീഡന പരാതി നൽകിയത്.
സഹപാഠിയുമായുള്ള പെൺകുട്ടിയുടെ പ്രണയബന്ധം അമ്മയോട് പറഞ്ഞതിന്റെ വൈരാഗ്യത്തിനാണ് മാതാപിതാക്കൾ പോലും അറിയാതെ പെൺകുട്ടി യുവാക്കൾക്കെതിരെ പീഡന പരാതി നൽകിയത്.
പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തി പെൺകുട്ടി നേരിട്ടെത്തിയതോടെ രണ്ട് യുവാക്കൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.
സഹോദരിയുടെ നന്മയ്ക്കായി ഇടപെട്ടതിന്റെ പേരിൽ ചെറുപ്രായത്തിൽ ജയിൽവാസം അനുഭവിക്കേണ്ടിവന്ന 19 ഉം 20 ഉം വയസുള്ള യുവാക്കൾക്ക് കൗൺസലിംഗ് നല്കാനും ജസ്റ്റിസ് സി.എസ്.ഡയസ് ഉത്തരവിട്ടു.
ബന്ധുക്കൾക്കെതിരെ പ്രായപൂർത്തിയാകാത്ത കുട്ടികൾ നൽകുന്ന പീഡന പരാതിയിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടി സ്വീകരിക്കുന്നതിന് മുമ്പ് ഏറെ ജാഗ്രത വേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ മാർഗ നിർദ്ദേശങ്ങൾക്ക് രൂപം നൽകണമെന്നും കോടതി പറഞ്ഞു.
തടിയിട്ടപ്പറമ്പ് പൊലീസാണ് പെൺകുട്ടിയുടെ പരാതിയിൽ യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇരുവരുടെയും ജാമ്യ ഹർജിയോടൊപ്പം പരാതി വ്യാജമാണെന്ന പെൺകുട്ടിയുടെയും പെൺകുട്ടിയുടെ പിതാവിന്റെയും സത്യവാങ്മൂലങ്ങൾ ഫയൽ ചെയ്തിരുന്നു. തുടർന്ന് കോടതി പെൺകുട്ടിയെ വിളിച്ചുവരുത്തി സംസാരിച്ചു.
സഹപാഠിയുമായുള്ള പ്രണയം അമ്മയോട് പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് പരാതി നൽകിയതെന്ന് പെൺകുട്ടി കോടതിയിൽ പറഞ്ഞു. മകൾ പരാതി നൽകിയത് പൊലീസ് വീട്ടിൽ എത്തിയപ്പോഴാണ് അറിഞ്ഞതെന്ന് പിതാവും പറഞ്ഞു.
പോക്‌സോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതിന് ഉത്തമ ഉദാഹരണമാണിതെന്നും നിയമം ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നത് വലിയ ഭീഷണിയാണെന്നും കോടതി പറഞ്ഞു.