വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം കോട്ടുകാൽക്കോണത്ത് ആണ് സംഭവം. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിന്റെ മൃതദേഹമാണ് വീട്ടിലെ കിണറ്റിനുള്ളിൽ കണ്ടെത്തിയത്.(Two year old girl found dead in well)
വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. തുടര്‍ന്ന് ബാലരാമപുരം പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കുട്ടിയെ കിണറ്റിൽ കണ്ടെത്തിയത്. കുട്ടിയെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും തനിയെ കുട്ടി അവിടേ പോയി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും എം വിന്‍സെന്‍റ് എംഎൽഎ പ്രതികരിച്ചു.
കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് അമ്മയുടെ സഹോദരൻ കിടന്നിരുന്ന മുറിയിൽ തീപിടിത്തമുണ്ടായിരുന്നു. തുടർന്ന് തീയണയ്ക്കാനായി വെള്ളം എടുത്ത് ഒഴിച്ചിരുന്നു. ഇതിനുശേഷമാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നതെന്നാണ് വീട്ടുകാര്‍ പറഞ്ഞതെന്നും എം വിന്‍സെന്‍റ് എംഎൽഎ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഒരാളെ ചോദ്യം ചെയ്തുവരുകയാണെന്നും നെയ്യാറ്റിൻകര ഡിവൈഎസ്‍പി അറിയിച്ചു.