ആലപ്പുഴ: കേട്ടുകേൾവി പോലും ഇല്ലാത്ത വ്യത്യസ്തമായ എടിഎം തട്ടിപ്പു രീതികളുമായി വന്നിരിക്കുകയാണ് ആലപ്പുഴയിൽ രണ്ടു പേർ.
കരുവാറ്റയിലെ സ്വകാര്യ എ.ടി.എമ്മില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടു പേരാണ് വമ്പൻ തട്ടിപ്പ് നടത്തിയത്. സാധാരണ രീതിയിൽ തന്നെ എടിഎംകാര്‍ഡിട്ട് പിന്‍നമ്പര്‍ അടിച്ച ശേഷമാണ് ഇവരുടെ തട്ടിപ്പ്.
മെഷിന്‍ നോട്ട് എണ്ണിത്തിട്ടപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ ഇവർ കീപാഡിലമര്‍ത്തുകയും മെഷിന്‍ കുലുക്കി മുന്‍ഭാഗം ഇളക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുമ്പോള്‍ അക്കൗണ്ടില്‍നിന്ന് പണം പോകില്ലന്ന് മാത്രമല്ല വിഡ്രോ ചെയ്ത് കൈയിൽ കിട്ടുകയും ചെയ്യും. 10,000 രൂപയാണ് ഇവർ എടിഎമ്മില്‍ നിന്ന് ഇങ്ങനെ തട്ടിയെടുത്തത്.
എടിഎം. കൗണ്ടറിനകത്തു നിന്ന് വലിയ ശബ്ദം കേട്ട സമീപത്തെ കടയുടമ ഇവിടേയ്ക്ക് എത്തിയതോടെയാണ് ഇവരുടെ തട്ടിപ്പ് തിരിച്ചറിഞ്ഞത്. അപ്പോഴും വീണ്ടും പണം എടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇവർ.
കടയുടമയെ കണ്ടതോടെ ഇവർ ഓടി രക്ഷപെട്ടു. സംഭവത്തില്‍ ഹരിപ്പാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഈ രീതിയിലെ തട്ടിപ്പിൽ നഷ്ടമുണ്ടാകുന്നത് ബാങ്കിന് മാത്രമാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെത്തിയത് വ്യാജ നമ്പര്‍പ്ലേറ്റ് പതിപ്പിച്ച സ്‌കൂട്ടറിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.