ഡ്രൈവിങ് പരിശീലകരിൽ നിന്നും കൈക്കൂലി; രണ്ട് എംവിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടി
തൃശ്ശൂർ: ഡ്രൈവിങ് പരിശീലകരിൽ നിന്നും കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ സസ്പെൻഡ് ചെയ്തു.
തൃശ്ശൂർ ആർടി ഓഫീസിലെ ഇൻസ്പെക്ടർമാരായ അനീഷ് കെ ജി, കൃഷ്ണകുമാർ എ പി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തത്.
ഡ്രൈവിങ് സ്കൂളിൽ പഠിപ്പിക്കുന്നവരിൽ നിന്നും ഏജന്റ് മുഖേന ഇവർ കൈക്കൂലി വാങ്ങുന്നതായി പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഇവരുടെ പക്കൽ നിന്നും പണം കണ്ടെത്തിയത്.
കഴിഞ്ഞ ഏപ്രിൽ 30നാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നസ്ഥ. പരിശോധനയിൽ രണ്ട് ഉദ്യോഗസ്ഥരുടെയും പക്കൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തി.
79,500 രൂപയാണ് ഇവരിൽ നിന്നും പിടികൂടിയത്. തുടർന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്.
കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ പിടിയിൽ
മാനന്തവാടി: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി. മാനന്തവാടി താലൂക്കിലെ പയ്യമ്പള്ളി വില്ലേജ് ഓഫീസറായ കെ.ടി. ജോസാണ് പിടിയിലായത്.
തണ്ടപ്പേർ സർട്ടിഫിക്കറ്റിനായി എത്തിയ ആളോട് അൻപതിനായിരം രൂപ കൈക്കൂലി വേണമെന്ന് ജോസ് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് പയ്യമ്പള്ളി സ്വദേശിയാണ് വിജിലൻസിൽ പരാതി നൽകിയത്.
പരാതിക്കാരനു തന്റെ പിതാവ് നൽകിയ പയ്യമ്പള്ളി വില്ലേജിലെ ഒണ്ടയങ്ങാടിയിലുള്ള 73 സെന്റ് വയലും 52 സെന്റ് കരഭൂമിയും അടങ്ങുന്ന വസ്തു ഇഷ്ടദാനമായി രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി തണ്ടപ്പേർ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നു.
ഇതിനായി ജൂലായ് 26-ന് അപേക്ഷ നൽകിയെങ്കിലും പല തവണ വില്ലേജ് ഓഫീസിലെത്തിയിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല.
തുടർന്ന് നിരന്തരം വില്ലേജ് ഓഫീസറെ ബന്ധപ്പെട്ടപ്പോൾ പിതാവിന്റെ പേരിലുള്ള വസ്തു പാലക്കാടുള്ള മൈനറായ മറ്റൊരു വ്യക്തിയുടെ പേരിലാണെന്നും തണ്ടപ്പേർ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ബുദ്ധിമുട്ടാണെന്നുമാണ് അറിയിക്കുകയായിരുന്നു.
സ്ഥലം അളന്നുനോക്കിയതിനു ശേഷം സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ വ്യക്തത വരുത്താമെന്നറിയിച്ച വില്ലേജ് ഓഫീസർ ജോസ് തിങ്കളാഴ്ച സ്ഥലത്തെത്തി. പിന്നാലെ രാത്രി തന്റെ ഓഫീസ് മുറിയിൽ വിളിപ്പിച്ചശേഷമാണ് ജോസ് പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടത്.
പരാതിക്കാരൻ ഈ വിവരം വയനാട് വിജിലൻസ് ഡിവൈഎസ്‌പിയെ അറിയിച്ചതിനെ തുടർന്നാണ് വിജിലൻസ് സംഘം ചൊവ്വാഴ്ച എത്തിയത്.
പരാതിക്കാരന് വിജിലൻസ് സംഘം കൈമാറിയ നോട്ടുകെട്ടുകൾ വാങ്ങി ജോസ് തന്റെ കാറിൽ കയറുന്നതിനിടെ ചൊവ്വാഴ്ച വള്ളിയൂർക്കാവിൽ വെച്ച് വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.
അറസ്റ്റിലായ ജോസിനെ അടുത്ത ദിവസം തന്നെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്നും അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ വിജിലൻസിന്റെ ടോൾ ഫ്രീ
നമ്പറായ 1064 എന്ന നമ്പറിലോ, 8592900900, 9447789100 (വാട്‌സാപ്പ്) വിവരങ്ങൾ നൽകണമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
Summary: Two motor vehicle inspectors from Thrissur RTO, Anish K G and Krishnakumar A P, have been suspended for allegedly accepting bribes from driving instructors.