കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ ആണ് രണ്ടുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജാർഖണ്ഡ് സ്വദേശിയും സെൻട്രൽ സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മിഷണറുമായ മനീഷ് വിജയ്, സഹോദരി ശാലിനി എന്നിവരാണ് മരിച്ചത്.
ഇവരോടൊപ്പം അമ്മയും താമസിക്കുന്നുണ്ടായിരുന്നു എന്നാണ് വിവരം. ഇവർക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മനീഷ് വിജയ് കഴിഞ്ഞ നാല് ദിവസമായി അവധിയിലായിരുന്നു. എന്നാൽ അവധി കഴിഞ്ഞിട്ടും ഇദ്ദേഹം ജോലിയിൽ പ്രവേശിക്കാതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോണിൽ കിട്ടാതായതോടെയാണ് ഓഫീസിലെ ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്.
ഉദ്യോഗസ്ഥർ എത്തിയ സമയത്ത് കടുത്ത ദുർഗന്ധം വീടിനകത്തുനിന്ന് വമിക്കുന്നുണ്ടായിരുന്നു. തുടർന്ന് ഇവർ നടത്തിയ പരിശോധനയിലാണ് രണ്ടുപേരെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മനീഷിന്റെയും ശാലിനിയുടേയും മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്.
തുടർന്ന് വിവരം തൃക്കാക്കര പോലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾക്ക് രണ്ടുദിവസം പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്. കുടുംബപ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.