ചെന്നൈ: എലിവിഷം വച്ച് എസി ഓണാക്കി ഉറങ്ങാൻ കിടന്ന രണ്ട് കുട്ടികൾ മരിച്ചു. മാതാപിതാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സായ് സുദർശൻ (1), വിശാലിനി (6) എന്നിവരാണ് മരിച്ചത്. ചെന്നൈ കുന്ദ്രത്തൂരിലാണ് ദാരുണമായ സംഭവമുണ്ടായത്. ഇവരുടെ അച്ഛനമ്മമാരായ ഗിരിധരൻ, പവിത്ര എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
ആശുപത്രിയിലെത്തിക്കും മുൻപേ കുട്ടികളുടെ മരണം സംഭവിച്ചു. ഫോറൻസിക് വിദഗ്ദരുൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. അതേസമയം, കുട്ടികൾ മരിച്ചതോടെ കമ്പനി ഉടമ ഒളിവിലെന്നാണ് സൂചന.
വീട്ടിലെ എലിശല്യം കാരണം ഗിരിധരൻ ഒരു കീട നിയന്ത്രണ കമ്പനിയെ സമീപിച്ചിരുന്നു. ബുധനാഴ്ച വൈകീട്ട് കമ്പനി ജീവനക്കാരെത്തി എലിവിഷം വീട്ടിൽ പലയിടത്തായി വിതറുകയും ചെയ്തു.
രാത്രി കുടുംബം കിടന്നുറങ്ങിയത് ഇത്തരത്തിൽ എലിവിഷം വിതറിയ മുറിയിലാണ്. ഏസി ഓണാക്കുകയും ചെയ്തിരുന്നു.
പുലർച്ചയോടെ ശ്വസിക്കാൻ അസ്വസ്ഥത അനുഭവപ്പെട്ടാണ് ഗിരിധരൻ സുഹൃത്തുക്കളെ വിളിച്ച് തന്നെയും കുടുംബത്തെയും ആശുപത്രിയിലെത്തിക്കണമെന്ന് പറഞ്ഞത്.
ബാങ്ക് മാനേജരായ ഗിരിധരൻ, വീട്ടിൽ എലിശല്യം രൂക്ഷമായതോടെ കീടനാശിനി കമ്പനിയുടെ സഹായം തേടിയിരുന്നു. ഇന്നലെ വൈകീട്ട് വീട്ടിലെത്തിയ കമ്പനി ജീവനക്കാർ എലിവിഷം പലയിടത്തായി പൊടിച്ചിട്ടിരുന്നു.
വീട്ടിൽ രാത്രിയിൽ എസി പ്രവർത്തിപ്പിച്ച് കിടന്നുറങ്ങിയ നാല് പേരേയും രാവിലെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.