തിരുവനന്തപുരം: മോഷ്ടിച്ച ആനക്കൊമ്പ് വിൽപ്പനക്ക് കൊണ്ടുവന്ന രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം വെളളനാട് ക്ഷേത്രത്തിന് സമീപമാണ് സംഭവം.
തിരുവനന്തപുരം മേമല സ്വദേശി വിനീത് (31), വെള്ളനാട് സ്വദേശി നിബു ജോൺ (33) എന്നിവരാണ് വനംവകുപ്പിൻറെ പിടിയിലായത്.
മോഷ്ടിച്ച ആനക്കൊമ്പ് വിൽപ്പനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് ഇവർ വനംവകുപ്പിന്റെ പിടിയിലായത്.
ആനക്കൊമ്പ് വാങ്ങാൻ എത്തിയവർ ഓടി രക്ഷപ്പെട്ടു. രണ്ടംഗ സംഘത്തിൻ്റെ പക്കൽനിന്ന് നാലു കിലോയോളം തൂക്കംവരുന്ന രണ്ട് ആനക്കൊമ്പുകളും വനവകുപ്പിന്റെ സ്പെഷ്യൽ ഫ്ളയിങ്ങ് സ്ക്വാഡ് പിടിച്ചെടുത്തു.
രാവിലെ മുതൽ രഹസ്യ വിവരത്തെ തുടർന്ന് സ്പെഷ്യൽ ഫ്ളയിങ്ങ് സ്ക്വാഡ് നിരീക്ഷണം പ്രദേശത്തുണ്ടായിരുന്നു. എന്നാൽ രാത്രിയോടെയാണ് ഇരുവരും പ്രത്യേക സംഘത്തിൻറെ വലയിലായത്.
ബൈക്കിലെത്തിയ യുവാക്കൾ ക്ഷേത്രത്തിന് സമീപത്തുവെച്ച് ആനക്കൊമ്പ് കൈമാറാൻ ശ്രമിക്കുന്നതിനിടെ ഫോറസ്റ്റ് അധികൃതർ വിദഗ്ദമായി പിടികൂടുകയായിരുന്നു.
ഫോറസ്റ് ഇൻറലിജൻസ് വിഭാഗത്തിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിൽ ആയിരുന്നു ഇരുവരും. തുടർന്ന്ഫ്ലയിങ് സ്‌ക്വാദ് ഡി എഫ് ഓ ശ്രീലേഖയുടെ നേതൃത്വത്തിൽ ആയിരുന്നു ആനക്കൊമ്പ് പിടികൂടിയത്.
നഗരത്തിലെ ഒരു വീട്ടിൽ നിന്നാണ് ആനക്കൊമ്പ് മോഷ്ടിച്ചതാണെന്നാണ് പ്രതികൾ പറഞ്ഞത്. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ ശ്രീജു എസ്,ചൂളിയമല സെഷൻ ഫോറെസ്റ് ഓഫീസർ അനീഷ് കുമാർ,ബീറ്റ് ഫോറസ്റ്റ് ഓഫീസ് വിനോദ്, വാച്ചർ പ്രദീപ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇൻ്റലിജൻസ് ഉദ്യോഗസ്ഥർക്കു ഒപ്പം പ്രതികളെ പിടികൂടിയത്.