ഹണിട്രാപ്പിലൂടെ രണ്ടരക്കോടി രൂപ തട്ടിയ രണ്ടുപേർ അറസ്റ്റിലായി. കൊല്ലം അഞ്ചലുംമൂട് സ്വദേശികളായ സോജൻ, ഷെമി എന്നിവരെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിയുടെ പരാതിയിലാണ് നടപടിയെടുത്തത്.
രണ്ട് വർഷം മുമ്പ് യുവതി 63 വയസുകാരനുമായി സോഷ്യൽ മീഡിയയിലൂടെ പരിചയത്തിലായി. അവിവാഹിതയായ യുവതിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധം സ്ഥാപിച്ചു. ബന്ധം ശക്തമായതോടെ പിന്നീട് പല തവണയായി ഇയാളിൽ നിന്ന് യുവതി പണം വാങ്ങി.
കുറേ നാൾ കഴിഞ്ഞ് പണം കിട്ടാതായതോടെ പിന്നീട് ഭീഷണിയായി. ഇത് സഹിക്കാനാവാതെ വന്നപ്പോഴാണ് 63 വയസുകാരൻ പരാതിയുമായി തൃശ്ശൂർ വെസ്റ്റ് പൊലീസിനെ സമീപിച്ചത്.
തൃശ്ശൂർ സിറ്റി എസിപിയുടെ പ്രത്യേക സ്ക്വാഡും, വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ ലാൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംയുക്തമായി യുവതിക്കായി അന്വേഷണം നടത്തി. ഒടുവിൽ കൊല്ലം അഞ്ചാലുംമൂട്ടിലെ വീട്ടിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു.
63 വയസുകാരനിൽ നിന്ന് ഹണിട്രാപ്പിലൂടെ വാങ്ങിയെടുത്ത പണം കൊണ്ട് ഇവർ ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
60 പവനിലധികം സ്വർണാഭരണങ്ങളും മൂന്ന് ആഡംബര കാറുകളും ഒരു ജീപ്പും ഒരു ബൈക്കും ഹണിട്രാപ്പിൽ നിന്ന് കിട്ടിയ പണം കൊണ്ട് ഇവർ വാങ്ങിയിട്ടുണ്ട്. ഇവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലത്തു നിന്ന് തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുകയും ചെയ്തു. വേറെയും തട്ടിപ്പുകൾ ഇവർ നടത്തിയിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
English summary : Two and a half crores were stolen through a honeytrap; the young woman and the young man were arrested