കൊച്ചി: അച്ഛനെയും മകനെയും കാറിനൊപ്പം വലിച്ചിഴച്ചുവെന്ന പരാതിയിൽ ട്വിസ്റ്റ്. പരാതിക്കാർ റോഡിന് കുറുകെ നിന്ന് കാർ തടഞ്ഞ് യാത്രക്കാരായ സ്ത്രീകളെയടക്കം മർദിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങൾ പുറത്തുവിട്ട് പ്രതികളുടെ ആരോപണം. സംഭവത്തിൽ ഇവർ പൊലീസിൽ പരാതിയും നൽകി. ദേഹത്ത് ചളിവെള്ളം തെറിപ്പിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് സംഭവങ്ങൾ തുടങ്ങുന്നത്.Twist in the complaint that the father and son were dragged along with the car
എറണാകുളം ചിറ്റൂർ ഫെറിക്ക് സമീപം കുട്ടിസാഹിബ് റോഡിൽ ഞായറാഴ്ചയാണ് സംഭവം. ചേരാനല്ലൂർ നെറുവീട്ടിൽ അക്ഷയ് സന്തോഷ്, പിതാവ് സന്തോഷ് എന്നിവരെ കാർ യാത്രക്കാരായ കോട്ടയം കറുകച്ചാൽ സ്വദേശി ജോസഫ് ജോണും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേരും മർദിച്ചുവെന്നായിരുന്നു പരാതി. ചേരാനല്ലൂർ പൊലീസിലാണ് ഇവർ പരാതിപ്പെട്ടത്. എന്നാൽ, പരാതിക്കാർ തങ്ങളെയാണ് മർദിച്ചതെന്നാണ് ജോസഫ് ജോണും സംഘവും വിഡിയോ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ സഹിതം പറയുന്നത്.
ആസ്റ്റർ മെഡ്സിറ്റിക്ക് സമീപത്തുനിന്ന് അക്ഷയും സഹോദരിയും സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ ജോസഫ് ജോണിന്റെ കാർ ഇവരുടെ ദേഹത്തേക്ക് ചളി തെറിപ്പിച്ചുവെന്നതിനെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. തുടർന്ന് സ്കൂട്ടർ കാറിന് കുറുകെയിട്ട് അക്ഷയ് ചോദ്യം ചെയ്തു. അവിടെ വെച്ച് നാട്ടുകാർ ഇടപെട്ട് തർക്കം പരിഹരിച്ചു.
എന്നാൽ, അക്ഷയും സഹോദരിയും വീട്ടിലേക്ക് മടങ്ങിയപ്പോൾ കാർ ഇവരെ പിന്തുടരുകയും ഇവരുടെ വീട് കഴിഞ്ഞ് അൽപം മുന്നോട്ടുപോവുകയും ചെയ്തു. കുറച്ചുകഴിഞ്ഞ് കാർ തിരികെ എത്തിയപ്പോൾ വീടിന് പുറത്തുനിന്ന തന്നെയും പിതാവിനെയും മർദിച്ചുവെന്നും കാറിൽ വലിച്ചിഴച്ചുവെന്നുമാണ് അക്ഷയ് പരാതിപ്പെട്ടത്.
എന്നാൽ, ജോസഫ് ജോൺ പുറത്തുവിട്ട ദൃശ്യങ്ങളിൽ അക്ഷയും പിതാവുമടക്കം മൂന്നുപേർ റോഡിന് കുറുകെ നിന്ന് കാർ തടയുന്നതും വാക്തർക്കത്തിൽ ഏർപ്പെടുന്നതും കാണാം. കാറിലിരുന്ന് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച യാത്രക്കാരിയെ ഇവർ മർദിക്കുന്നുമുണ്ട്. തുടർന്ന് കാറിന്റെ സ്റ്റിയറിങ്ങിൽ പിടിച്ചു വലിക്കുന്നതും കാണാം. തുടർന്നാണ് തങ്ങൾ കാർ മുന്നോട്ടെടുത്തതെന്നും ഇവർ കാറിലുള്ള പിടിവിടാതിരുന്നതാണെന്നും ജോസഫ് പറയുന്നു.
നേരത്തെ അക്ഷയും പിതാവും നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാത്തത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വലിച്ചിഴക്കുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കേസെടുത്തത്. ജോസഫ് ജോണിൻറെ പരാതിയിൽ അക്ഷയിനെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ചേരാനല്ലൂർ പൊലീസ് അറിയിച്ചു.