പി.ടി 5 കാട്ടാനയുടെ ചികിത്സയ്ക്കായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി; സാഹചര്യം അനുകൂലമെങ്കിൽ ഉടൻ മയക്കുവെടി
പാലക്കാട്: കണ്ണിന് ഗുരുതരമായ പരിക്ക് ഏറ്റ കൊമ്പൻ പി.ടി 5 എന്ന കാട്ടാനയുടെ ചികിത്സയ്ക്കായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ. വിജയാനന്ദ് സ്ഥലത്തെത്തി ആനയുടെ ആരോഗ്യനില വിലയിരുത്തിയതിന് പിന്നാലെ, മയക്കുവെടിയിലൂടെ പിടികൂടി ചികിത്സിക്കാനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു.
പി.ടി 5 ഗുരുതരാവസ്ഥയിൽ ആണെന്ന പ്രചാരണങ്ങൾ തെറ്റാണെന്ന്, ഫോറസ്റ്റ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയ വ്യക്തമാക്കി. “ആന തീറ്റയെടുക്കുന്നുണ്ട്, മറ്റ് വലിയ ആരോഗ്യപ്രശ്നങ്ങൾ ഒന്നും കാണുന്നില്ല. കണ്ണിന് കിട്ടിയ പരിക്ക് മാത്രമാണ് പ്രധാന വിഷയം,” എന്നും അദ്ദേഹം പറഞ്ഞു.
15 അംഗ വിദഗ്‌ധ സംഘത്തിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ ആരംഭിച്ചു. മലമ്പുഴ – കഞ്ചിക്കോട് റോഡിൽ ഗതാഗത നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മുത്തങ്ങയിൽ നിന്ന് വിക്രം, ഭരത് എന്നീ പരിശീലനം നേടിയ കുങ്കിയാനകളെ പാലക്കാട് എത്തിച്ചിട്ടുണ്ട്. ഇവരുടെ സഹായത്തോടെയാണ് പി.ടി 5നെ നിയന്ത്രിച്ച് ചികിത്സയ്ക്കായി എത്തിക്കുന്നത്.
ആനയെ പിടികൂടാൻ 10 സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തിയിട്ടുണ്ട്. ഏതെങ്കിലും ഒരു പോയിന്റിലേക്ക് ആനയെ എത്തിച്ച ശേഷം മാത്രമേ മയക്കുവെടി വെക്കൂ എന്നും അധികൃതർ.
ആദ്യം കണ്ണിന്റെ ചികിത്സയ്ക്കുള്ള മരുന്നുകൾ നൽകും.
ഗുരുതര പരിക്ക് കണ്ടെത്തിയാൽ ബേസ് ക്യാംപിലേക്കോ ധോണി ക്യാംപിലേക്കോ മാറ്റും.
അവശനിലയായാൽ എയർ ആംബുലൻസിൽ മാറ്റാനുള്ള തയ്യാറെടുപ്പും ഉണ്ട്.
പി.ടി 5ന്റെ രണ്ട് കണ്ണിനും കാഴ്ച നഷ്ടമായിരിക്കുകയാണ്. ഇതാണ് സഞ്ചാര വേഗം കുറയാൻ കാരണം. ആന നിലവിൽ മാന്തുരുത്തി പ്രദേശത്താണ്. വനംവകുപ്പ് സംഘം തുടർച്ചയായി നിരീക്ഷണം നടത്തുന്നു.
പി.ടി 5ന്റെ ശരീരത്തിൽ കണ്ട മുറിവ് മരക്കൊമ്പ് കൊണ്ടായിരിക്കാം ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. രണ്ടുദിവസം മുമ്പ് പി.ടി 14, മറ്റൊരു ആന എന്നിവ ഒപ്പമുണ്ടായിരുന്നുവെങ്കിലും ഏറ്റുമുട്ടലിന്റെ തെളിവൊന്നും കണ്ടെത്തിയിട്ടില്ല.
വനംവകുപ്പ് വ്യക്തമാക്കുന്നത് പോലെ, ചികിത്സ പൂർത്തിയായാൽ പി.ടി 5യെ സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയക്കുന്നതാണ് ലക്ഷ്യം. ഗുരുതര സാഹചര്യത്തിൽ മാത്രമേ ദീർഘകാല കാമ്പ് ചികിത്സ നൽകുകയുള്ളൂ.
ചുരുളികൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ
പാലക്കാട്: ചുരുളികൊമ്പൻ കാട്ടാന വീണ്ടും കഞ്ചിക്കോട് ജനവാസ മേഖലയിൽ ഇറങ്ങി. കണ്ണിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ചുരുളിക്കൊമ്പനെന്ന പി ടി 5 കാട്ടാനയാണ് വീണ്ടും ജനവാസ മേഖലയിൽ എത്തിയത്.
കഞ്ചിക്കോട്ടെ പയറ്റുകാട് പ്രദേശത്ത് നിരവധി നാശനഷ്ടങ്ങൾ ആണ് ആന ഉണ്ടാക്കിയത്. കണ്ണിൻറെ കാഴ്ച നഷ്ടപ്പെട്ട ചുരുളിക്കൊമ്പനെ പിടികൂടി ചികിത്സ ഉടൻ ആരംഭിക്കാനാണ് തീരുമാനം.
തെങ്ങുൾപ്പെടയുള്ള വിളകൾ നശിപ്പിച്ച നിലയിലാണ്. രാവിലെയോടെ ജനവാസ മേഖലയിൽ നിലയുറപ്പിച്ച ചുരുളിക്കൊമ്പനെ വനംവകുപ്പും ആർആർടി സംഘവും ചേർന്നാണ് ആനയെ കാടുകയറ്റിയത്.
അതേസമയം ചുരുളിക്കൊമ്പനെ പിടികൂടി ചികിത്സ ഉടൻ തന്നെ ആരംഭിക്കും. ആനയെ മയക്കു വെടിവെച്ച് പിടികൂടി ചികിത്സിക്കാനാണ് വനം വകുപ്പിൻ്റെ നീക്കം. ആദ്യം മയക്കുവെടി വെച്ച ശേഷം കാട്ടിൽ വച്ച് തന്നെ ചികിത്സ നൽകും.
ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ആനയെ ചികിത്സിക്കുക. ചുരുളിക്കൊമ്പനെ പിടികൂടാൻ ഈ ആഴ്ച തന്നെ വയനാട്ടിൽ നിന്നുള്ള കുങ്കി ആനകളെ പാലക്കാട്ടേക്ക് എത്തിക്കും.
നേരത്തെ വനംവകുപ്പിൻറെ നേതൃത്വത്തിൽ പഴത്തിൽ മരുന്നുകൾ വച്ച് ചികിത്സയും ആരംഭിച്ചിരുന്നു. എന്നാൽ ചികിത്സ ഫലപ്രദമാകാത്തതിനാലാണ് ചുരുളിക്കൊമ്പനെ പിടികൂടാൻ തീരുമാനിച്ചത്.
മൂന്നാറിൽ അവശ നിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു
ഇടുക്കി: മൂന്നാറിൽ അവശ നിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനിലെ പുൽമേട്ടിലാണ് കാട്ടാന കുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കുട്ടി ആന ജനിച്ചിട്ട് ഏതാനും ദിവസങ്ങളായെന്നും അവശനിലയിലാണെന്നും കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ആനകുട്ടിയെ നിരീക്ഷിക്കാൻ ആർ.ആർ.റ്റി സംഘത്തിന് നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
ആനക്കുട്ടി നിൽക്കാതെയും നടക്കാതെയും വന്നതോടെ പിടിയാനയും മറ്റൊരു മോഴയാനയുമടക്കം ഇവിടെ തമ്പടിച്ചിരുന്നു. ആനകൾ ഇവിടെ നിന്നും മാറിയ സമയത്ത് വനംവകുപ്പുദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ആനകുട്ടി അവശനിലയിലാണെന്ന് മനസിലാക്കിയത്.
തുടർന്ന് വെറ്ററിനറി ഡോക്ടറെ എത്തിച്ച് കാട്ടാന കുട്ടിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും വനം വകുപ്പ് നടപടി സ്വീകരിച്ചുവെങ്കിലും കുട്ടിയാന ചെരിയുകയായിരുന്നു.
കുട്ടിയാനയുടെ പോസ്റ്റുമോർട്ട നടപടികൾ ഇന്ന് നടത്തും. ഇതിനു ശേഷം മാത്രമെ മരണകാരണം വ്യക്തമാകുവെന്ന് വനംവകുപ്പ് അറിയിച്ചു.
English Summary:
Preparations are complete to treat tusker PT5, which sustained a severe eye injury in Palakkad. The Forest Department will tranquilise the elephant and provide necessary medical care.