വൈറ്റ്ഹൗസിലെ ചരിത്രപ്രസിദ്ധമായ ‘ലിങ്കണ്‍ കുളിമുറി’ പുതുക്കിപ്പണിത് ട്രംപ്
വാഷിംഗ്ടൺ: അമേരിക്കൻ വൈറ്റ്ഹൗസിൽ നടന്നുകൊണ്ടിരിക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചരിത്രപ്രസിദ്ധമായ ‘ലിങ്കൺ കുളിമുറി’ പുതുക്കിപ്പണിതു.
നവീകരണം പൂർത്തിയാക്കിയ ശേഷം, അതിന്റെ ചിത്രങ്ങൾ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ട്രംപ് തന്നെ പങ്കുവെച്ചു. ചിത്രങ്ങൾ പങ്കുവെച്ചതോടെ, വൈറ്റ്ഹൗസ് നവീകരണത്തിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ശക്തമായി.
ലിങ്കൺ കുളിമുറി ആദ്യകാലത്തേതായി നിലനിന്നിരുന്നുവെങ്കിലും, 1940-ൽ ആർട്ട് ഡെക്കോ ഗ്രീൻ ടൈൽ ഡിസൈനിൽ ഇത് പുനർനിർമിച്ചിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി.
എന്നാൽ, എബ്രഹാം ലിങ്കൺ കാലഘട്ടത്തിന്റെ ആസ്ഥാനം പ്രതിഫലിക്കാത്ത ഡിസൈനിലേക്കാണ് മാറിപ്പോയതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
അതിനാൽ തന്നെയാണ് കറുപ്പും വെളുപ്പും നിറമുള്ള മാർബിൾ ഉപയോഗിച്ച് ലിങ്കൺ കാലത്തിന്റെ ശൈലിയിലേക്ക് തിരിച്ചെത്തിക്കാനുള്ള തീരുമാനമെടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ കുളിമുറി, എബ്രഹാം ലിങ്കൺ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന ഓഫീസിന്റെയും കാബിനറ്റ് റൂമിന്റെയും ഭാഗമാണ്.
1940-കളുടെ അവസാനത്തിൽ, മുൻ പ്രസിഡന്റ് ഹാരി ട്രൂമാൻ വൈറ്റ്ഹൗസിന്റെ സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കുന്നതിനായി വലിയ നവീകരണങ്ങൾ ആരംഭിച്ചപ്പോൾ ഈ കുളിമുറിയും പുതുക്കിയിരുന്നു. ഇപ്പോൾ, ട്രംപ് സർക്കാർ വീണ്ടും വിപുലമായ നവീകരണ പദ്ധതികൾ മുന്നോട്ടു വെയ്ക്കുകയാണ്.
ട്രംപ് വൈറ്റ്ഹൗസിൽ നടത്തിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ മാറ്റങ്ങളിൽ ഇത് ഒരു ഘട്ടം മാത്രമാണ്. ഇതിനു മുൻപ്, 90,000 ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള പുതിയ ബോൾറൂമിന്‍റെ നിർമ്മാണ പ്രവർത്തനവും ആരംഭിച്ചിരുന്നു.
ഈ പദ്ധതിക്ക് ഏകദേശം 200 മില്യൺ ഡോളർ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. പുതിയ ബോൾറൂം വൈറ്റ്ഹൗസിന്റെ ഈസ്റ്റ് വിങ്ങിന്‍റെ മുന്ന് ഭാഗത്ത് നിർമിക്കുന്നതിനായി പഴയ ഘടനകൾ ചിലത് പൊളിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
നവീകരണച്ചെലവുകളെക്കുറിച്ചുള്ള വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിയതാണ്, നികുതി ദാതാക്കളുടെ പണം ഉപയോഗിക്കുന്നില്ല എന്നത്.
എന്നാൽ, ട്രംപ് വ്യക്തിപരമായ താല്‍പര്യങ്ങൾ ഉപയോഗിച്ച് വൈറ്റ്ഹൗസിന്റെ ചരിത്രപരമായ ക്ലാസിക്കൽ ശൈലി ഇല്ലാതാക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്.
വൈറ്റ്ഹൗസ് പോലെ ചരിത്രപ്രാധാന്യമുള്ള കെട്ടിടത്തിൽ മാറ്റങ്ങൾ വരുത്തുമ്പോൾ പൊതുജനാഭിപ്രായവും വിദഗ്ധരുടെ വിലയിരുത്തലും തേടേണ്ടതായിരുന്നു എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
എല്ലാ വിവാദങ്ങളും പ്രചരിച്ചുകൊണ്ടിരിക്കുമ്പോഴും, വൈറ്റ്ഹൗസിന്റെ പഴക്കവും മഹിമയും സംരക്ഷിച്ച് കൂടുതൽ സൗകര്യങ്ങൾ കൂട്ടി മെച്ചപ്പെടുത്തുന്ന പദ്ധതികളാണിതെന്ന് ഭരണകൂടം ഉറപ്പിക്കുന്നു.









