വാഷിങ്ടൺ: യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കമല ഹാരിസ് ട്രംപിനോടേറ്റ പരാജയത്തിൽ ജോ ബൈഡനെ പഴിച്ച് ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ. സ്ഥാനാർഥിത്വത്തിന് വേണ്ടി പിടിവലി നടത്തി ബൈഡൻ സമയം പാഴാക്കിയെന്നാണ് വിമർശനം. പ്രമുഖ ഡെമോക്രാറ്റിക് പാർട്ടി നേതാവും, മുൻ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറുമായ നാൻസി പെലോസിയടക്കമുള്ള ഉന്നത നേതാക്കളാണ് അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്.
ജോ ബൈഡൻ പദവി രാജിവെച്ച് കമല ഹാരിസിനെ യു.എസ് പ്രസിഡന്റാക്കണമെന്ന് ആവശ്യം. ചെറിയ കാലയളവിലേക്കാണെങ്കിലും കമല ഹാരിസിനെ പ്രസിഡന്റാക്കി രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ വനിത പ്രസിഡന്റാക്കി അവരെ മാറ്റണമെന്നാണ് ആവശ്യം. കമല ഹാരിസിനൊപ്പം പ്രവർത്തിച്ചിരുന്ന ഒരു മുൻ ജീവനക്കാരനാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
മഹാനായ പ്രസിഡന്റാണ് ജോ ബൈഡൻ. പക്ഷേ അദ്ദേഹം അവസാനത്തെ ഒരു വാഗ്ദാനം കൂടി പാലിക്കണമെന്ന് കമല ഹാരിസിന്റെ മുൻ കമ്യൂണിക്കേഷൻ ഡയറക്ടർ ജമാൽ സൈമൺസ് പറഞ്ഞു. പ്രസിഡന്റ് പദം രാജിവെച്ച് വനിതയെ രാഷ്ട്രതലവയാക്കുമെന്ന വാഗ്ദാനമാണ് അദ്ദേഹം പാലിക്കേണ്ടത്. അടുത്ത 30 ദിവസത്തിനുള്ളിൽ സ്ഥാനമൊഴിഞ്ഞ് അതുകൂടി ബൈഡൻ നിർവഹിക്കണമെന്ന് ജമാൽ സൈമൺസ് പറഞ്ഞു.
2025 ജനുവരി 20നായിരിക്കും യു.എസിന്റെ പ്രസിഡന്റായി വിജയിച്ച ഡോണൾഡ് ട്രംപ് അധികാരമേറ്റെടുക്കുക. അധികാരം കൈമാറാൻ നാല് മാസത്തെ സമയം യു.എസ് ഭരണഘടന അനുവദിക്കുന്നുണ്ട്. ബൈഡൻ രാജിവെച്ചാൽ ജനുവരി ആറാം തീയതി ട്രംപിന്റെ വിജയം അംഗീകരിക്കുക കമല ഹാരിസായിരിക്കും.
യു.എസ് പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിച്ചയാൾ തന്നെ പുതിയ പ്രസിഡന്റിന് അധികാരം കൈമാറുന്നത് പുതിയൊരു കീഴ്വഴക്കത്തിനാവും തുടക്കം കുറിക്കുക. പാർട്ടി എങ്ങനെ പ്രവർത്തിക്കുന്നു എന്ന കാഴ്ചപ്പാട് മാറ്റാനുള്ള അവസരമായി സന്ദർഭത്തെ ഉപയോഗിക്കണമെന്നും ജമാൽ സൈമൺസ് ആവശ്യപ്പെട്ടു.