തൃശൂർ: ഷൊർണൂർ- തൃശൂർ റൂട്ടിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനും മുള്ളൂർക്കര റെയിൽവേ സ്റ്റേഷനും ഇടയിലാണ് സംഭവം.
അകമല റെയിൽവേ ഓവർബ്രിഡ്ജിന് സമീപമാണ് മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. നിലവിൽ തൃശൂർ ഭാഗത്തേക്ക് പോകുന്ന ട്രാക്കിൽ ആണ് ഗതാഗത തടസ്സം നേരിട്ടത്.
കഴിഞ്ഞ പ്രളയത്തിൽ വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് മേഖലയിൽ കോൺക്രീറ്റ് സംരക്ഷണഭിത്തി സ്ഥാപിച്ച് മണ്ണിടിച്ചിൽ തടയുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയായിരുന്നു. ഇതിനിടെയാണ് മണ്ണിടിഞ്ഞത്.
ഇതേ തുടർന്ന് ചില ട്രെയിനുകൾ വൈകിയോടുന്നു. ചില ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്.
വൈകിയോടുന്ന ട്രെയിനുകൾ
ലോകമാന്യതിലക്- കൊച്ചുവേളി എക്സ്പ്രസ് (12201)
നിലമ്പൂർ റോഡ്- കോട്ടയം എക്സ്പ്രസ് (16325)
മംഗളൂരു- തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് (20633)
പാലക്കാട്- പുനലൂർ പാലരുവി എക്സ്പ്രസ് (16792)
പുനഃക്രമീകരിച്ചവ
തൃശൂരിൽ നിന്നു വൈകീട്ട് 5.35നു പുറപ്പെടേണ്ട തൃശൂർ- ഷൊർണൂർ ട്രെയിൻ (56623) വൈകീട്ട് 7.30നാണ് യാത്ര ആരംഭിക്കുക. രാത്രി 10.10നു പുറപ്പെടേണ്ട ഷൊർണൂർ- തൃശൂർ ട്രെയിൻ (56605) പുലർച്ചെ 1.10 നും യാത്ര ആരംഭിക്കും.
Summary: Train services were disrupted on the Shoranur–Thrissur route due to a landslide on the railway track between Wadakkanchery and Mullurkara stations.