ചെന്നൈ കോടമ്പാക്കം റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം
ചെന്നൈ: ചെന്നൈയിൽ ട്രെയിനിടിച്ച് വിദ്യാർത്ഥി മരിച്ചു. ട്രാക്കിൽ വീണ ബ്ലൂടൂത്ത് ഇയർ ഫോൺ തിരയുന്നിതിനിടെയാണ് അപകടമുണ്ടായത്. നന്ദനത്തെ ഗവ. ആർട്സ് കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ രാജഗോപാൽ (19) ആണ് മരിച്ചത്.(Train accident; 19 year old boy died)
ചെന്നൈ കോടമ്പാക്കം റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. വില്ലുപുരം ജില്ലയിലെ ചിന്നസേലത്തിന് സമീപം പുതുസൊരത്തൂർ സ്വദേശിയായ വിദ്യാർത്ഥി സെയ്ദാപേട്ടിലെ സർക്കാർ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയാണ്. കോളേജ് സമയം കഴിഞ്ഞ് രാജഗോപാൽ കാറ്ററിങ് ജോലികൾക്ക് പോയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്.
ട്രെയിനിൽ സഞ്ചരിക്കുന്നതിനിടെ ബ്ലൂടൂത്ത് ഇയർഫോൺ ട്രാക്കിൽ വീണ് പോകുകയായിരുന്നു. തുടർന്ന് കോടമ്പാക്കം സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ട്രാക്കിലൂടെ നടന്ന് ഇയർ ഫോൺ തിരഞ്ഞു. ഈ സമയം താംബരത്തു നിന്ന് വരികയായിരുന്ന സബർബൻ ട്രെയിൻ ആണ് യുവാവിനെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജഗോപാലിനെ ഉടൻ തന്നെ റെയിൽവെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.