യുകെയിലെ മലയാളികളുടെ മരണവാർത്തകൾ അവസാനിക്കുന്നില്ല എന്നത് വലിയ ആശങ്കയായി മലയാളികൾക്കിടയിൽ പടരുകയാണ്. ഇതിൽ അവസാനത്തേതാണ് ഇന്ന് പുറത്തുവരുന്ന വാർത്ത.
കോഴിക്കോട് സ്വദേശി അഖില്‍ സൂര്യകിരണി (32) നെ ലെസ്റ്ററിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്ന വാർത്ത പുറത്തുവരുമ്പോൾ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന മരണനിരക്കിൽ ആശങ്ക ഉയരുകയാണ്.
വെറും 32 വയസ്സ് മാത്രമുള്ള യുവാവിന്റെ ജീവനെടുത്തത് ഹൃദയാഘാതമാണ് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. സുഹൃത്തുക്കള്‍ ജോലി കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് മരിച്ച നിലയില്‍ അഖിലിനെ വീട്ടില്‍ കണ്ടെത്തിയത്.
പോലീസില്‍ അറിയച്ചതിനെതുടര്‍ന്ന് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി മൃതദേഹം ഇപ്പോള്‍ ലെസ്റ്റര്‍ റോയല്‍ ഇന്‍ഫിര്‍മറി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
റോയല്‍ മെയിലില്‍ ജോലി ചെയ്യുകയായിരുന്നു അഖില്‍. പഠിക്കാനായി യുകെയിലെത്തിയ യുവാവ് പഠനം പൂര്‍ത്തിയാക്കിയ ശേഷമുള്ള സ്റ്റേ ബാക്ക് വിസയില്‍ കഴിയവേയാണ് ദുരന്തം സംഭവിച്ചിരിക്കുന്നത്.
നാട്ടിലുള്ള ബന്ധുക്കളുമായി സുഹൃത്തുക്കള്‍ വഴി ബന്ധപ്പെട്ടിട്ടുണ്ട്. അഖിലിന്റെ വേർപാടിൽ ന്യൂസ് 4 മീഡിയ ആദരാഞ്ജലികൾ അർപ്പിക്കുന്നു. സംസ്കാരം സംബന്ധിച്ച കാര്യങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.