വീട്ടില്‍ ഉറങ്ങാന്‍ കിടന്ന അഞ്ചു കുട്ടികള്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍. ഗുരുതരാവസ്ഥയിലുള്ള രണ്ടു മുതിര്‍ന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിടക്കാന്‍ പോകുന്നതിന് മുമ്പ് വീട്ടിനുള്ളില്‍ തണുപ്പകറ്റാന്‍ കല്‍ക്കരി കത്തിച്ചിരുന്നു. ഇതില്‍നിന്ന് പുകയുയര്‍ന്ന് ഓക്‌സിജന്‍ കിട്ടാതെ മരണപ്പെട്ടതാവാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. കല്‍ക്കരി കത്തിച്ചാല്‍ പുറത്തുവരുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് വാതകങ്ങള്‍ അന്തരീക്ഷവായുവുമായി കലരും. വായു സഞ്ചാരമില്ലാത്ത മുറിയിലാണ് കല്‍ക്കരി കത്തിക്കുന്നതെങ്കില്‍ ഓക്‌സിജന്‍റെ അളവ് കുറയുന്നതോടെ ശ്വാസതടസ്സം നേരിടും. ഇതാണ് മരണകാരണമായതെന്നാണ് കരുതുന്നത്. ഉത്തര്‍പ്രദേശിലെ അമ്രോഹയില്‍ റഹീസുദ്ദീന്‍ എന്നയാളുടെ വീട്ടിലാണ് ദാരുണസംഭവം ഉണ്ടായത്.
തിങ്കളാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന കുടുംബത്തിലെ ഏഴുപേരെ ചൊവ്വാഴ്ച ഉച്ചയായിട്ടും കാണാതായതോടെ അയല്‍ക്കാര്‍ അന്വേഷിച്ചെത്തി. വിളിച്ചിട്ടും മറുപടി ഇല്ലാതായതോടെ സംശയത്തെ തോന്നിയ നാട്ടുകാർ വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകയറി നടത്തിയ പരിശോധനയിലാണ് കുട്ടികളെ മരിച്ചനിലയിലും മുതിര്‍ന്ന രണ്ടുപേരെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയത്. മരിച്ചതില്‍ മൂന്ന് പേര്‍ ഇയാളുടെ മക്കളും രണ്ടുപേര്‍ ബന്ധുവിന്റെ മക്കളുമാണ്. റിയാസുദ്ദീന്റെ ഭാര്യയും സഹോദരനുമാണ് ചികിത്സയിലുള്ളത്.
Also read: തിരക്ക് കൂട്ടണ്ട; ക്യൂ നിൽക്കേണ്ട; കൊച്ചി മെട്രോയില്‍ ഇന്നുമുതല്‍ വാട്‌സ്ആപ്പ് ടിക്കറ്റ്