കൊച്ചി: ടിപി ചന്ദ്രശേഖരൻ വധകേസിൽ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച ഹൈക്കോടതി ഉത്തരവിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾക്ക് ജയിൽ ശിക്ഷയ്ക്കൊപ്പം ഹൈക്കോടതി കനത്ത പിഴയും ചുമത്തിയിട്ടുണ്ട്. ടി പിയുടെ ഭാര്യ കെ കെ രമക്കും മകനും പ്രതികൾ പിഴ നൽകണമെന്ന് കോടതി വിധിച്ചു. കെ കെ രമയ്ക്ക് ഏഴര ലക്ഷം രൂപയും മകന് അഞ്ച് ലക്ഷം രൂപയും പിഴയായി പ്രതികൾ നൽകണം. ഇരുവർക്കുമായി മൊത്തം പന്ത്രണ്ടര ലക്ഷം രൂപയാണ് പ്രതികൾ നൽകേണ്ടത്.
പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയും നൽകിയ ഹർജികളിലാണ് ഹൈകോടതി വിധി പറഞ്ഞത്. എന്നാൽ, ശിക്ഷയിൽ വലിയ വർധനവാണ് ഹൈക്കോടതി വരുത്തിയത്. ഒന്നാം പ്രതി മുതൽ എട്ടു വർഷം വരെയുള്ള പ്രതികൾക്കും പതിനൊന്നാം പ്രതിക്കും 20 വർഷം തടവുശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്. ഈ പ്രതികൾക്ക് 20 വർഷം കൂടാതെ പരോളോ ശിക്ഷയിളവോ ഉണ്ടാവില്ല. പുതുതായി പ്രതി ചേർത്ത കെ കെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവർക്ക് ജീവപര്യന്തമാണ് ശിക്ഷ. ഒന്നാം പ്രതി എം സി അനൂപിന് ഇരട്ടജീവപര്യന്തമായും ശിക്ഷ ഉയർത്തി.
സിപിഎമ്മിൽ നിന്നും വിട്ട് ആർഎംപി എന്ന പാർട്ടി സ്ഥാപിച്ച ടിപി ചന്ദ്രശേഖരനെ 2012 മേയ് നാലിനാണ് ഒരു സംഘം ബോംബെറിഞ്ഞു വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മിൽ നിന്ന് വിട്ടുപോയി തന്റെ നാടായ ഒഞ്ചിയത്ത് ആർഎംപി എന്ന പേരിൽ പാർട്ടിയുണ്ടാക്കിയതിലുള്ള പകയിൽ സിപിഎമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.