ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’യ്ക്ക് തിയറ്ററിൽ ഗംഭീര പ്രതികരണം. ടൊവിനോയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് നരിവേട്ടയിലെ വർഗീസ് എന്നാണ് സിനിമ കണ്ടിറങ്ങുന്നവർ പൊതുവെ അഭിപ്രായപ്പെടുന്നത്. മേക്കിങിനും അഭിനോക്കളുടെ പ്രകടനത്തിനുമൊപ്പം അതി ശക്തമായ തിരക്കഥയും നരിവേട്ടയുടെ നട്ടെല്ലാണ്.
പതിഞ്ഞ താളത്തിൽ തുടങ്ങി മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്ന് പ്രേക്ഷകർ പറയുന്നു.
അനുരാജ് മനോഹറിന്റെ സംവിധാന മികവിനും വലിയ കയ്യടിയാണ് നിലവിൽ ലഭിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ ചേർത്ത് ബുദ്ധിപരമായ തിരക്കഥ ഒരുക്കുകയും അതിനെ മികവുറ്റ രീതിയിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും എല്ലാ സാങ്കേതിക മേഖലകളും ഒരുപോലെ തിളങ്ങിയിട്ടുണ്ടെന്നും സിനിമ കണ്ടിറങ്ങിയവർ പറയുന്നു. ‘മലയാളത്തിന്റെ വിടുതലൈ’ എന്നാണ് നരിവേട്ടയെക്കുറിച്ച് ഒരു പ്രേക്ഷകൻ കുറിച്ചത്.
ടോവിനോ അവതരിപ്പിച്ച കുട്ടനാട്ടുകാരനായ വർഗീസ് പീറ്റർ ജീവിതത്തിൽ ഏറെ സ്വപ്നങ്ങളുള്ളൊരു ചെറുപ്പക്കാരനാണ്. കടംകയറി ആത്മഹത്യ ചെയ്ത കൃഷിക്കാരനായ അച്ഛന്റെ ജീവിതം ആവർത്തിക്കരുതെന്നും ജീവിതത്തിൽ ഉയർച്ച വേണമെന്നും കൊതിക്കുന്ന, അതിനായി ക്ഷമയോടെ കാത്തിരിക്കുന്ന ഒരു ചെറുപ്പക്കാരൻ. പിഎസ് സി ലിസ്റ്റിൽ പേരുള്ള വർഗീസിനെ സംബന്ധിച്ച് മെച്ചപ്പെട്ടൊരു പോസ്റ്റിൽ, നല്ലൊരു ജോലിയിൽ കയറിക്കൂടുക എന്നതാണ് ലക്ഷ്യം.
എന്നാൽ, വർഗീസിന്റെ കാത്തിരിപ്പു നീളുന്നതിനൊപ്പം തന്റെ അതിജീവനം ചോദ്യചിഹ്നമായി മാറുകയാണ്. ഒടുവിൽ, ഇഷ്ടമില്ലാഞ്ഞിട്ടും വർഗീസിന് പൊലീസ് കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിക്കുകയാണ്. തുടക്കക്കാരന്റെ പകപ്പോടെ, വയനാട്ടിലെ ആദിവാസി ഭൂ സമരഭൂമിയിലേക്ക് വർഗീസ് യാത്ര തിരിക്കുന്നു. ആ യാത്ര, വർഗീസിന്റെ ജീവിതം അടിമുടി മാറ്റിമറിയ്ക്കുകയാണ്.
ടൊവിനോയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ്. വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ നിരാശയും ദേഷ്യവും നിസ്സഹായതയും പ്രതിസന്ധികളുമെല്ലാം വളരെ തന്മയത്വത്തോടെ ടൊവിനോ അവതരിപ്പിച്ചിരിക്കുന്നു.
ബഷീറായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവരും ശ്രദ്ധേയമായ പ്രകടനമാണ് നിലവിൽ കാഴ്ച വയ്ക്കുന്നത്.
കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവായ അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ. കൃത്യമായൊരു ക്യാരക്ടർ ആർക്ക് നൽകി കൊണ്ടാണ് വർഗീസ് പീറ്റർ എന്ന കഥാപാത്രത്തെ അബിൻ ഒരുക്കിയിരിക്കുന്നത്.
കാലം പലപ്പോഴും മറന്നെന്നു ഭാവിക്കുന്ന ചില ചരിത്രസത്യങ്ങൾ വീണ്ടും ഓർമപ്പെടുത്തുകയാണ് നരിവേട്ടയിലൂടെ അബിൻ. ഫിക്ഷനെന്ന രീതിയിൽ പറഞ്ഞുപോവുമ്പോഴും ചിത്രത്തിന്റെ കഥാപരിസരം കെട്ടുക്കഥയല്ലെന്ന് പ്രേക്ഷകർക്ക് ബോധ്യമാവും.
ചിത്രത്തിന്റെ പ്രമേയത്തോട് നീതി പുലർത്തുന്ന രീതിയിൽ, വളരെ റിയലിസ്റ്റിക്കായാണ് സംവിധായകൻ അനുരാജ് നരിവേട്ടയെ സമീപിച്ചിരിക്കുന്നത്.
ആദ്യപകുതി ചിലയിടങ്ങളിൽ അൽപ്പം ഫ്ലാറ്റായി തോന്നുമെങ്കിലും, രണ്ടാം പകുതിയോടെ ചിത്രം അതിന്റെ തീവ്രമായ കഥാഖ്യാനത്തിലേക്കു സഞ്ചരിക്കുകയാണ്.
ചിത്രത്തിന്റെ ടെക്നിക്കൽ വശങ്ങളെല്ലാം ഒന്നിനൊന്നു മികച്ചുനിൽക്കുന്നു. ജേക്സ് ബിജോയുടെ സംഗീതവും വിജയുടെ ഛായാഗ്രഹണവും എടുത്തു പറയണം. ഷമീർ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റർ. മുത്തങ്ങാ സമരമാണ് സിനിമയുടെ പ്രമേയം. പൊള്ളുന്ന യാഥാർഥ്യങ്ങളും ചിത്രം വരച്ചുകാട്ടുന്നു.
ടൊവീനോയ്ക്ക് പുറമെ തമിഴ് സിനിമ നടനും സംവിധായകനുമായ ചേരൻ സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ചേരന്റെ ആദ്യ മലയാള സിനിമ യാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് മറ്റു മുഖ്യ താരങ്ങൾ.
കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. അബിന്റെ തിരക്കഥയും സംഭാഷണവും സിനിമയുടെ മുതൽക്കൂട്ടാണ്. ആദ്യ സിനിമയിൽ തന്നെ ഇത്ര തീവ്രതയേറിയ വിഷയം തൂലികയിലാക്കിയ അബിൻ മലയാളത്തിനൊരു പുതിയ വാഗ്ദാനം കൂടിയാകുമെന്നു തീർച്ച.
സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡി.ഐ.ജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. പൂർണമായും പൊലീസ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന സിനിമയിൽ വലിയൊരു ദൗത്യത്തിൽ പങ്കെടുക്കേണ്ടി വരുന്നതാണ് ഈ കഥാപാത്രങ്ങൾ.
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് പ്രസിദ്ധ സിനിമ നിർമ്മാണ കമ്പനിയായ എ ജി എസ് എന്റർടൈൻമെന്റ് ആണ്.