പത്തനംതിട്ട: വിനോദ സഞ്ചാരികൾ ബസ് തകരാറിലായതിനെ തുടർന്ന് വനത്തിൽ കുടുങ്ങി. കെ.എസ്.ആർ.ടി.സിയുടെ ടൂർ പാക്കേജിൽ ഗവിയിലേക്ക് പോയവരാണ് കുടുങ്ങിയത്.
ചടയമംഗലം ഡിപ്പോയിൽ നിന്ന് ഇന്നലെ വെളുപ്പിന് പുറപ്പെട്ട ബസിൽ വൃദ്ധരും കുട്ടികളും അടക്കം 38 യാത്രക്കാർ ഉണ്ടായിരുന്നു. മനുഷ്യവാസമില്ലാത്ത പ്രദേശത്തെ വനപാതയിൽ കുടിവെള്ളംപോലും കിട്ടാതെ മണിക്കൂറുകളോളം കഴിഞ്ഞ ഇവരെ ഏറെ വൈകിയാണ് തിരികെ എത്തിച്ചത്.
മൂഴിയാറിലെത്തി ഗവിയിലേക്ക് പോകുമ്പോൾ രാവിലെ 11.10നാണ് ബസിൻ്റെ ക്ളച്ച് തകരാറിലായത്.
വന്യമൃഗങ്ങളുള്ള വനത്തിലൂടെയുള്ള റോഡിൽ ഒറ്റപ്പെട്ടതോടെ ഡ്രൈവറും കണ്ടക്ടറും പത്തനംതിട്ട ഡിപ്പോയിൽ വിവരം അറിയിക്കുകയായിരുന്നു.
മൊബൈൽ ഫോണിന് റേഞ്ച് കൃത്യമായി ലഭിക്കാത്തതിനാൽ വൈകിയാണ് വിവരം ഡിപ്പോയിൽ അറിയിച്ചത്.
12.10ന് മെക്കാനിക്ക് ഉൾപ്പെടെ പകരം ബസ് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് അയച്ചു 3.45നാണ് ബസ് എത്തിയത്.
എന്നാൽ ഈ ബസിന്റെയും ക്ലച്ച് തകരാറിലായി. അറ്റകുറ്റപ്പണി നടത്തുന്നതിനിടെ 5.30ന് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസെത്തി.
യാത്രക്കാർ ഇതിൽ കയറി മടങ്ങി മൂഴിയാറിലെത്തിയാണ് ആഹാരം കഴിച്ചത്. അപ്പോഴേക്കും ആദ്യം തകരാറിലായ ബസ് നന്നാക്കി തിരികെ എത്തിച്ച് യാത്രക്കാരെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. രാത്രിയോടെയാണ് സംഘം ചടയമംഗലത്തേക്ക് മടങ്ങിയത്.