കൊച്ചി: സംസ്ഥാനത്ത് കള്ള് വ്യവസായത്തിൽ വിപ്ളവകരമായ മാറ്റത്തിനൊരുങ്ങി ടോഡി ബോർഡ്. ബിയറിന് സമാനമായി കള്ള് കുപ്പിയിലാക്കി വിപണിയിലിറക്കാനുള്ള സാദ്ധ്യതയാണ് തേടുന്നത്.
കള്ളിന്റെ തനത് രുചി നിലനിറുത്തി, കൂടുതൽ പുളിക്കാതെയും ആൾക്കഹോൾ അനുപാതം മാറാതെയും ഒരു വർഷത്തിലേറെ ഇത് സാധാരണ അന്തരീക്ഷത്തിൽ സൂക്ഷിക്കാം എന്നതാണ് പ്രത്യേകത.
കളമശേരി കിൻഫ്ര ബയോടെക്നോളജി ഇൻകുബേഷൻ സെന്ററിൽ പ്രവർത്തിക്കുന്ന സ്കോപ്ഫുൾ ബയോ റിസർച്ച് കുപ്പിയിലടച്ച കള്ള് അവതരിപ്പിച്ചിരുന്നു.
ബയോടെക്നോളജി പാർക്കിൽ ടോഡി ബോർഡ് ചെയർമാൻ യു.പി.ജോസഫ്, സി.ഇ.ഒ ജി.അനിൽകുമാർ തുടങ്ങിയവർ ഇത് കണ്ടും രുചിച്ചും പരിശോധിച്ചിരുന്നു.
2000 ലിറ്റർ കള്ള് ദിവസവും ജൈവരീതിയിൽ സംസ്കരിക്കാനുള്ള ബോട്ടിലിംഗ് യൂണിറ്റ് സ്ഥാപിക്കാൻ 30 ലക്ഷംരൂപ ചെലവുവരുമെന്ന് ബയോ റിസർച്ച് സി.ഇ.ഒ ഡോ.മോഹൻകുമാർ അറിയിച്ചു. 25 ചെത്തുതൊഴിലാളികളും ആറ് ജീവനക്കാരും അടങ്ങുന്നതാകും യൂണിറ്റ്.
ബയോറിസർച്ച് ഡയറക്ടർ ഡോ.ശാലിനി ഭാസ്കർ, ടോഡി ബോർഡ് അംഗങ്ങളായ കിഷോർകുമാർ, ഡി.പി.മധു, എം.സി.പവിത്രൻ, എ.പ്രദീപ്, ഡോ.ഗീതാലക്ഷ്മി, എക്സൈസ് ജോ.കമ്മിഷണർ ജെ.താജുദീൻകുട്ടി എന്നിവരും സംഘത്തിലുണ്ടായിരുന്നു.