കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 8,950 രൂപയായി. പവന് 320 രൂപ ഇടിഞ്ഞ് 71,600 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.
18 കാരറ്റ് സ്വർണവില ചില ജ്വല്ലറികളിൽ ഗ്രാമിന് 35 രൂപ കുറഞ്ഞ് 7,375 രൂപയായപ്പോൾ മറ്റ് ചില ജ്വല്ലറികളിൽ ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,345 രൂപയിലുമെത്തി. അതേസമയം ഇന്ന് വെള്ളിവില മാറിയിട്ടില്ല. ചില കടകളിൽ ഗ്രാമിന് 110 രൂപയും മറ്റ് കടകളിൽ 111 രൂപയുമാണ്.
മെയ് 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കുതിക്കുകയായിരുന്നു. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴേക്ക് എത്തിയത്. എന്നാൽ ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72000 കടന്ന് കുതിക്കുമെന്ന ഘട്ടത്തിലാണ് വിലയിലെ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നത്.
അതേസമയം, ഡോളറിനെതിരെ ഇന്ന് ഇന്ത്യൻ രൂപ വ്യാപാരം ആരംഭിച്ചത് 16 പൈസ ഉയർന്ന് 86.05ലാണ്. സ്വർണവില നിർണയിക്കുമ്പോൾ ഡോളർ ദുർബലമായിരുന്നതിനാലും ഡോളർ തളരുന്നത് സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് കുറയാൻ സഹായിക്കുമെന്നതും ആഭ്യന്തരവില കുറയാൻ ഗുണകരമായി.
എന്നാൽ സ്വർണം ആഭരണമായി വാങ്ങുമ്പോൾ 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും ബാധകമാണ്. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ട് തന്നെ ഇത് 3 മുതൽ 35 ശതമാനം വരെയൊക്കെയാകാം.
യുഎസ്-യൂറോപ്യൻ യൂണിയൻ തർക്കം ശമിക്കുന്നതും യുഎസ്-ജപ്പാൻ വ്യാപാര ചർച്ചകൾക്ക് കളമൊരുങ്ങുന്നതും സ്വർണവിലയുടെ മുന്നേറ്റം പിടിച്ചുക്കെട്ടിയേക്കാം. എന്നാൽ യുഎസിൽ പണപ്പെരുപ്പം കൂടുകയും അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങുന്നതും സ്വർണത്തിന് പ്രതികൂലവുമാണ്.