തൃശൂർ: ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്. ഭക്തർ വ്രതാനുഷ്ഠാനത്തോടെയായിരിക്കും ഇന്ന് ഗുരുവായൂരപ്പനെ ദർശിക്കാനെത്തുക.
ദശമി ദിനമായ ഇന്നലെ പുലർച്ചെ തുറന്ന നട ഇനി ദ്വാദശി ദിനമായ നാളെ രാവിലെ 9 മണിക്കാണ് അടയ്ക്കുക. പൂജകൾക്ക് മാത്രമായിരിക്കും ഇന്നത്തെ ദിവസം നട അടയ്ക്കുക.
ഏകാദശികളിൽ ഏറ്റവും പ്രധാനമാണ് ഗുരുവായൂർ ഏകദാശി. വൃശ്ചിക മാസത്തിലെ ഏകാദശി ദിവസമാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത്.
അതിനാൽ തന്നെ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാ ദിനമായും കണക്കാക്കുന്നു. ശ്രീകൃഷ്ണൻ ഗീതോപദേശം നൽകിയ ദിനം കൂടിയാണിത്.
ഭഗവാൻ മഹാവിഷ്ണു ദേവീദേവൻമാർക്കൊപ്പം ഗുരുവായൂർക്കെഴുന്നള്ളുന്ന ദിനമാണിതെന്നും വിശ്വാസങ്ങളുണ്ട്. ഇന്നേ ദിവസം ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്നതു പോലും സുകൃതമാണെന്നു ഭക്തർ വിശ്വസിക്കുന്നു.