ഇന്ന് ഫെബ്രുവരി 29. നാല് വർഷത്തിലൊരിക്കൽ മാത്രം ജന്മദിനം ആഘോഷിക്കുന്നവരുടെ ദിവസം.
ഫെബ്രുവരിയിൽ 30 ദിവസം ഉണ്ടായിരുന്നുവെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്ന് ആദ്യം അറിയാം. ഫെബ്രുവരിയിൽ 30 ദിവസം ഉണ്ടായിരുന്നുവെങ്കിൽ നമുക്ക് മൊത്തത്തിൽ 30 ദിവസമുള്ള അഞ്ച് മാസവും 31 ദിവസമുള്ള ഏഴ് മാസവും ഉണ്ടാകും. അതോടെ മൊത്തം 367 ദിവസമാകും കലണ്ടറിൽ. എന്നാൽ സൂര്യന് ചുറ്റും ഭൂമി കറങ്ങാനെടുക്കുന്ന സമയം 365.24219 ദിവസങ്ങളാണ്. ഈ കണക്കിലേക്കെത്തിക്കാനായി ഫെബ്രുവരിയിൽ നിന്ന് ദിവസങ്ങൾ കുറച്ച് 28 ആക്കി നിജപ്പെടുത്തി. ഫെബ്രുവരി മാസം 28 ദിവസം ആക്കിയതോടെ സൂര്യന് ചുറ്റും ഭൂമി കറങ്ങാനെടുക്കുന്ന സമയത്തിൽ 0.24219 ദിവസത്തിന്റെ കുറവ് വരും. ഈ കുറവ് നികത്താൻ നാല് വർഷം കൂടുമ്പോൾ ഫെബ്രുവരിയിൽ ഒരു ദിനം കൂടി ചേർത്ത് 29 ദിവസമാക്കി, ഈ കുറവും പരിഹരിച്ചു.
ഒരു പ്രത്യേക വർഷം അധിവർഷം ആണോ എന്ന് കണ്ടുപിടിക്കാൻ വർഷത്തെ 4 കൊണ്ട് ഹരിക്കുക. ശിഷ്ടം വരുന്നില്ലെങ്കിൽ അത് അധിവർഷമാണ്. എന്നാൽ എല്ലായ്‌പ്പോഴും അങ്ങനെയല്ല. നൂറ്റാണ്ടുകളുടെ കാര്യത്തിൽ വ്യത്യാസമുണ്ട്. ഒരു നൂറ്റാണ്ടാണെങ്കിൽ 400 കൊണ്ട് വേണം ഹരിക്കാൻ. ഹരിക്കുമ്പോൾ ശിഷ്ടം വന്നാൽ അധിവർഷമാകില്ല. അങ്ങനെയാണ് നാലുകൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം വരാത്ത 1900, 1800, 1700 എന്നീ വർഷങ്ങൾ അധിവർഷമായി കണക്കാക്കാത്തത്. ഈ വർഷങ്ങളെ നാനൂറുകൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം വരും. ലൂണാർ കലണ്ടർ പിന്തുടർന്ന റോമിലാണ് ലീപ് ഇയർ എന്ന ആശയം ആദ്യമായി വന്നത്. 46ബിസിയിൽ ജൂലിയസ് സീസർ കലണ്ടറിൽ ഓരോ നാല് വർഷവും ഫെബ്രുവരിയിൽ ഒരു ദിവസം അധികം. 1582ൽ ഗ്രിഗോറിയൻ കലണ്ടറിലാണ് ഓരോ നൂറ്റാണ്ടും നാനൂറിൻറെ മൾട്ടിപ്പിൾ ആകുമ്പോൾ മാത്രം അധിവർഷം ഉണ്ടാകുന്നത് എന്ന് രേഖപ്പെടുത്തിയത്.
ഗ്രിഗോറിയൻ കലണ്ടറിന് മുമ്പുണ്ടായിരുന്നത് റോമൻ കലണ്ടറായിരുന്നു. റോമൻ കലണ്ടറിൽ 10 മാസമാണ് ഉണ്ടായിരുന്നത്. 30 ദിവസത്തിന്റെ ആറ് മാസവും, 31 ദിവസത്തിന്റെ നാല് മാസവുമായിരുന്നു ആദ്യ കലണ്ടറിൽ മൊത്തം 304 ദിവസമാണ് ഇതിൽ ഉണ്ടായിരുന്നത്. കലണ്ടറിൽ മൊത്തം വരുന്ന ദിവസങ്ങളുടെ സംഖ്യ ഇരട്ടയക്കമാകുന്നത് ദുർഭാഗ്യമായാണ് കണക്കാക്കിയിരുന്നത്.
എന്നാൽ ലുണാർ വർഷവുമായി ഒത്തുപോവാൻ റോമൻ രാജാവായ നുമ പോംപില്യസ് പത്ത് മാസത്തിനൊപ്പം ജനുവരിയും, ഫെബ്രുവരിയും കൂട്ടിച്ചേർത്തു. അതോടെ ഒരു വർഷത്തിലെ ദിവസങ്ങളുടെ എണ്ണം 366 ദിവസമായി.
ഏതെങ്കിലും ഒരു മാസത്തിൽ നിന്ന് ഒരു ദിവസം കുറച്ചാലെ 365 ദിവസമാകുകയുള്ളു. അങ്ങനെ ഒരു മാസത്തിൽ ഒരു ദിവസം ഒഴിവാക്കാൻ തീരുമാനിച്ചു. മരിച്ചവരെ ആദരിക്കാൻ തെരഞ്ഞെടുത്ത ഏറ്റവും ദുഃശകുനം പിടിച്ച മാസമായിരുന്ന ഫെബ്രുവരിയിൽ നിന്ന് തന്നെ ഒരു ദിവസം കുറയ്ക്കാൻ തീരുമാനമായി.