ഫൺബ്രല്ല ഏഴാം സീസൺ തുടങ്ങി
കൊച്ചി: ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനായി എക്‌സിക്യൂട്ടീവ് ഇവന്റ്സ് സംഘടിപ്പിക്കുന്ന കുട പെയിന്റിംഗ് മത്സരം ‘ഫൺബ്രല്ല’ യുടെ ഏഴാം സീസൺ രജിസ്ട്രേഷൻ ആരംഭിച്ചു.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് പങ്കെടുക്കാൻ അവസരം. ‘കേരളത്തിന്റെ മൺസൂൺ’ ആണ് ഇത്തവണത്തെ മത്സര വിഷയം.
ഓഗസ്റ്റ് 17-ന് കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന ഫൺബ്രല്ല 2025, യുവ കലാപ്രതിഭകളുടെ ഭാവനാത്മകമായ പ്രകടനത്തിന് സാക്ഷ്യം വഹിക്കും.
പ്രഗത്ഭരായ കലാകാരന്മാരും വിദ്യാഭ്യാസ വിദഗ്ദ്ധരും ഉൾപ്പെടുന്ന പാനലാണ് വിജയികളെ കണ്ടെത്തുക. സർഗ്ഗാത്മകത, മൗലികത, വിഷയത്തെ എത്രത്തോളം മികവോടെ അവതരിപ്പിച്ചു എന്നിവയെല്ലാം മൂല്യ നിർണ്ണയത്തിൽ മുഖ്യ ഘടകങ്ങളായിരിക്കും.
മത്സരാത്ഥികൾക്ക് ക്യാൻവാസായി വെളുത്ത കുടയും ഫാബ്രിക്ക് പെയിന്റും നൽകും. 8 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.
ഒന്നാം സമ്മാനമായി 25,000 രൂപയും, രണ്ടാം സമ്മാനമായി 10,000 രൂപയും, മൂന്നാം സമ്മാനമായി 5,000 രൂപയുമാണ് വിജയികളെ കാത്തിരിക്കുന്നത്.
കൂടാതെ, പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കും. യുവതലമുറയിൽ കലാപരമായ അഭിരുചികൾ വളർത്താനും അവർക്ക് അവിസ്മരണീയമായ അനുഭവം നൽകുവാനുമാണ് ഫൺബ്രല്ലയുടെ ലക്ഷ്യമിടുന്നത്.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും +91 97789 91258, +91 97788 64828 എന്ന നമ്പരുകളിൽ ബന്ധപ്പെടാം. കൂടാതെ, facebook.com/Funbrellaexecutiveevents എന്ന പേജിലും വിവരങ്ങൾ ലഭ്യമാണ്.
കഴിഞ്ഞ വർഷവും വെള്ളക്കുടകൾ കാൻവാസാക്കി വരവിസ്മയം തീർത്തു വർണമഴ പെയ്തിറങ്ങി.
കുടകളിൽ മഴയുടെ പല ഭാവങ്ങൾ; സൗമ്യമായി പെയ്തിറങ്ങുന്ന ചാറ്റൽ മഴ മുതൽ രൗദ്ര ഭാവം പൂണ്ടു വീശിയടിക്കുന്ന പേമാരി വരെ ഉണ്ടായിരുന്നു.
എക്സിക്യൂട്ടീവ് ഇവന്റ്സ് സംഘടിപ്പിച്ച ‘ഫൺബ്രെല്ല’ പെയ്ന്റിങ് മത്സരത്തിലാണു കുടകളിൽ മഴയുടെ വർണരാജി വിടർന്നത്. ഹൈസ്കൂൾ വിദ്യാർഥികൾക്കായി ‘മൺസൂൺ ഓഫ് കേരള’ എന്ന വിഷയത്തിലായിരുന്നു കഴിഞ്ഞ തവണയും മത്സരം.
എക്സിക്യൂട്ടീവ് ഇവന്റ്സ് എംഡി രാജു കണ്ണമ്പുഴ, ഹോട്ടൽ ക്രൗൺ പ്ലാസ ജനറൽ മാനേജർ ദിനേഷ് റായ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
42 സ്കൂളുകളിൽ നിന്നായി 200 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്എസ്എസ്സിലെ ശ്രേയ രമേഷ് (25,000 രൂപ) ഒന്നാം സ്ഥാനം നേടി.
അമേലിയ സാറാ മാത്യു (സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ്, ഇലഞ്ഞി), എം.എസ്. തമന്ന (ഭവൻസ് വിദ്യാമന്ദിർ, ഗിരിനഗർ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയിരുന്നു. മികച്ച 10 ചിത്രങ്ങൾ വേദിയിൽ തന്നെ ലേലം ചെയ്യുകയും ചെയ്തു.
അതിൽ നിന്നു ലഭിച്ച തുക വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യും. കുട്ടികൾക്കും മാതാപിതാക്കൾക്കുമായി മഴക്കാല രോഗങ്ങളെ കുറിച്ചു ബോധവൽക്കരണ ക്ലാസും പാചക ക്ലാസും നടന്നു.
English Summary:
To nurture the creativity of high school students, Executive Events has opened registrations for the seventh season of its umbrella painting competition, “Funbrella.” The theme for this year is “Monsoon of Kerala.” Only the first 200 registrants will be allowed to participate.