മലപ്പുറം: എഡിജിപി എം.ആർ.അജിത് കുമാറിന് ക്ലീൻചിറ്റ് നൽകാനുള്ള വിജിലൻസ് നീക്കത്തെ വിമർശിച്ച് പി.വി.അൻവർ എംഎൽഎ. വിജിലൻസ് അന്വേഷണം ശരിയായ ദിശയിൽ ആയിരുന്നില്ലെന്നാണ് വിമർശനം.
പോലീസിലെ നോട്ടോറിയസ് ക്രിമിനൽ സംഘം അജിത് കുമാറിനൊപ്പം ഉണ്ടന്നും പി.ശശിയും അജിത് കുമാറും മുഖ്യമന്ത്രിയും ഒരുമിക്കുമ്പോൾ ഒരന്വേഷണവും എങ്ങുമെത്തില്ലെന്നും അൻവർ പറഞ്ഞു. അജിത് കുമാർ മുഖ്യമന്ത്രിയുടെ പൊന്നും കട്ടയാണ്.
അതിനാൽ വിജിലൻസ് അന്വേഷണം എങ്ങുമെത്തില്ലെന്നും അജിത് കുമാറിനെതിരെ കൈവശം ഉണ്ടായിരുന്ന തെളിവുകൾ വിജിലൻസിന് നൽകിയിട്ടുണ്ടെന്നും ബാക്കി തെളിവുകൾ കോടതിയിൽ നൽകുമെന്നും പി.വി.അൻവർ വ്യക്തമാക്കി.
അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിൽ അജിത് കുമാറിനെതിരെ തെളിവില്ലെന്നാണ് വിജിലൻസ് കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് അൻവർ എം.എൽ.എയുടെ പ്രതികരണം.