പെരിന്തൽമണ്ണ: തിരൂർക്കാട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു പെൺകുട്ടി കൂടി മരിച്ചു. മലപ്പുറം വണ്ടൂർ പാറഞ്ചേരി നൗഷാദിൻ്റെ മകൾ ഷൻഫ (20) ആണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കോഴിക്കോട് ജെ.ഡി.റ്റി. ഇസ്ലാം കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ രണ്ടാം വർഷ ഫിസിയോതെറാപ്പി വിദ്യാർഥിയാണ് ഷൻഫ. കോഴിക്കോട് ഹോസ്റ്റലിൽ താമസിക്കുന്ന ഷൻഫ ഉമ്മയുടെ വീടായ വിളയൂരിലേക്ക് നോമ്പ് തുറക്കാൻ പോകുന്നതിനിടെയാണ് ദുരന്തം നടന്നത്. തിരൂർക്കാട് ഐടിസിക്ക് സമീപം ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 21 പേർക്ക് പരിക്കേറ്റിരുന്നു. സലീനയാണ് മാതാവ്. സഹോദരിമാർ: സഫ്ന, ഷംന.
മണ്ണാർക്കാട് മേലെ അരിയൂർ വാരിയത്ത് ഹരിദാസ്- രാധ ദമ്പതികളുടെ മകൾ ശ്രീനന്ദ (20) അപകട സ്ഥലത്തു വെച്ച് മരിച്ചിരുന്നു. മണ്ണാർക്കാട് യൂണിവേഴ്സൽ ആർട്സ് ആൻഡ് സയൻസ് കോളേജിലെ അവസാനവർഷ ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയായ ശ്രീനന്ദ പ്രോജക്ടിന്റെ ഭാഗമായി കൂട്ടുകാരികളോടൊപ്പം കോഴിക്കോട് പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.









