തൃശൂര്‍: ഒരു വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ തൃശൂര്‍ പൂരത്തിന്റെ വിളംബരം നടന്നു. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി കൊമ്പന്‍ എറണാകുളം ശിവകുമാറാണ് തെക്കേ ഗോപുര നട തള്ളിത്തുറന്നു.
രാവിലെ എറണാകുളം ശിവകുമാര്‍ നെയ്തിലക്കാവില്‍ അമ്മയുടെ തിടമ്പേറ്റി വടക്കുംനാഥ ക്ഷേത്രത്തിലെത്തി വണങ്ങി. പിന്നാലെ തെക്കേഗോപുര വാതില്‍ തുറന്ന് നിലപാട് തറയില്‍ എത്തി മൂന്നുതവണ ശംഖ് ഊതി പൂര വിളംബരം നടത്തി. ഇതോടെ പൂരചടങ്ങുകള്‍ക്ക് തുടക്കമായി.
നാളെ രാവിലെ ഏഴിന് കണിമംഗലം ശാസ്താവ് എഴുന്നള്ളിയെത്തുന്നതോടെ 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരം ആരംഭിക്കും. 11.30നു ബ്രഹ്‌മസ്വം മഠത്തിനു മുന്നില്‍ തിരുവമ്പാടിയുടെ മഠത്തില്‍വരവു പഞ്ചവാദ്യം. 2.30നു വടക്കുന്നാഥ ക്ഷേത്രത്തിനുള്ളില്‍ ഇലഞ്ഞിത്തറ മേളം. വൈകിട്ട് 5.30നു കുടമാറ്റം തുടങ്ങിയ ചടങ്ങുകൾ നടക്കും. പുലര്‍ച്ചെ മൂന്നിനു വെടിക്കെട്ട്. മറ്റന്നാള്‍ രാവിലെ പകല്‍പൂരത്തിനും വെടിക്കെട്ടിനും ശേഷം ഇരു ഭഗവതിമാരും ഉപചാരം ചൊല്ലിപ്പിരിയും.
പൂരം കാണാനായി ഈ വര്‍ഷം 18 ലക്ഷംവരെ പേര്‍ എത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. ഇത് പ്രകാരം നഗരത്തില്‍ അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വനിതാ ഉദ്യോഗസ്ഥരടക്കമുള്ള 4000 പോലീസുകാരെയാണ് നിയമിക്കുന്നത്. ദുരന്ത നിവാരണ സേന, അഗ്നിശമന സേന, വൈദ്യസഹായ സംഘങ്ങള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.