ഒറ്റയ്ക്ക് പൊരുതിയ അക്സറിനെ കൂട്ടായി വീഴ്ത്തി ബെംഗളൂരു. ഐപിഎല്‍ 2024 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പ്ലേ ഓഫ് മോഹങ്ങള്‍ അവതാളത്തിലാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 47 റണ്‍സിന്‍റെ ത്രില്ലർ ജയം കരസ്ഥമാക്കി. ഇതോടെ 13 മത്സരങ്ങൾ പിന്നിടുന്ന റോയൽ ചലഞ്ചേഴ്സിന് 12 പോയിന്റായി. ചെന്നൈ സൂപ്പർ കിംഗ്സുമായുള്ള അവസാന മത്സരം വിജയിച്ചാൽ ഒരു പക്ഷേ പ്ലേ ഓഫ് കളിക്കാൻ ബെംഗളൂരുവും ഉണ്ടാകും എന്നു ഏകദേശം ഉറപ്പായി. ജയത്തോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയരാനും ബെംഗളൂരുവിനായി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ആർസിബിക്കായി അർധസെഞ്ചുറി നേടിയ രജത് പാടിദാർ ആയിരുന്നു ടോപ് സ്കോറർ. മൂന്നാം വിക്കറ്റിലെ പാടിദാർ-ജാക്സ് സഖ്യത്തിന്‍റെ 88 റണ്‍സ് മത്സരത്തിൽ നിർണായകമായി.
മറുപടി ബാറ്റിംഗില്‍ ഡല്‍ഹിയുടെ മജാക്ക് ഫ്രേസർ ഒഴികെയുള്ള മുന്‍നിര ബാറ്റർമാർ വൻ പരാജയമായി മാറി. ഡൽഹി നിരയിൽ അക്സർ പട്ടേൽ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 39 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം താരം 57 റൺസെടുത്തു. മറ്റാർക്കും തിളങ്ങാനാകാതെ വന്നതോടെ ഡൽഹി 140 റൺസിൽ തോൽവി സമ്മതിച്ചു. ക്യാപ്റ്റന്‍ അക്സർ പട്ടേലിന്‍റെ ഒറ്റയാള്‍ പോരാട്ടം മാത്രമാണ് ഇന്നിംഗ്സില്‍ ഡല്‍ഹിക്ക് പ്രതീക്ഷയായുണ്ടായിരുന്നത്. ഒറ്റയ്ക്ക് പൊരുതിയ അക്സറിനെ 39 പന്തില്‍ 57 എടുത്ത് നില്‍ക്കേ യാഷ് ദയാല്‍ വീഴ്ത്തിയതോടെ ഡൽഹി പതനം പൂർണ്ണമായി. സ്കോർ: ബെംഗളൂരു- 187/9 (20), ഡല്‍ഹി- 140 (19.1).