തിയേറ്റർ ശുചിമുറിയിൽ നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ മൂന്ന് പേർ അറസ്റ്റിൽ
ബെംഗളുരു മടിവാളയിലെ ഒരു സിനിമാ തിയേറ്ററിലെ ശുചിമുറിയിൽ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന പരാതിയിൽ തിയേറ്റർ ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേർ പൊലീസ് പിടിയിലായി.
പിടിയിലായവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണ്. സംഭവവുമായി ബന്ധപ്പെട്ട് തിയേറ്റർ മാനേജ്മെന്റിനെതിരെയും മടിവാള പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മടിവാളയിലെ സന്ധ്യ തിയേറ്ററിൽ ഇന്നലെ വൈകിട്ട് സിനിമ കാണാനെത്തിയ ടെക്കിയായ യുവതിയും സുഹൃത്തുക്കളുമാണ് പരാതിക്കാർ.
സിനിമയുടെ ഇന്റർവെൽ സമയത്ത് യുവതിയും കൂട്ടുകാരികളും ശുചിമുറി ഉപയോഗിക്കാൻ എത്തിയപ്പോൾ അവിടെ ഒരു ആൺകുട്ടി ഉണ്ടായിരുന്നുവെന്നും, ഇയാൾ കൈവശമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് രഹസ്യമായി ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
സംശയം തോന്നിയതോടെ യുവതിയും കൂട്ടുകാരികളും ബഹളം വെക്കുകയും ഉടൻ തന്നെ തിയേറ്റർ ജീവനക്കാരെ വിവരം അറിയിക്കുകയും ചെയ്തു.
ഇതിനിടെ വിവരം പരന്നതോടെ തിയേറ്ററിന് സമീപം ആളുകൾ കൂടി. സംഭവത്തിൽ പ്രകോപിതരായ ചിലർ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കൈകാര്യം ചെയ്തതായും റിപ്പോർട്ടുണ്ട്.
തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ദൃശ്യങ്ങൾ പകർത്താൻ തന്നെ നിയോഗിച്ചത് തിയേറ്റർ ജീവനക്കാരനായ രാജേഷും ഇയാളുടെ സുഹൃത്ത് കമലുമാണെന്ന് കുട്ടി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ രാജേഷ്, കമൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ജൂവനൈൽ നിയമപ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. സംഭവത്തിൽ തിയേറ്റർ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥ ഉണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് മാനേജ്മെന്റിനെയും കേസിൽ പ്രതി ചേർത്തത്.
സംഭവം അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. പ്രതികൾ മുമ്പ് ഇത്തരത്തിൽ മറ്റ് ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
പിടിച്ചെടുത്ത മൊബൈൽ ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. സ്ത്രീകളുടെ സ്വകാര്യത ലംഘിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.









