തൊടുപുഴ: ബിജു ജോസഫിന്റെ കൊലപാതകത്തിൽ നിർണായക തെളിവായി ഒന്നാം പ്രതി ജോമോൻ്റെ കോൾ റെക്കോർഡ് പൊലീസിന് ലഭിച്ചു. കൊലപാതത്തിന് ശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ച് വിവരം അറിയിച്ചതായി പൊലീസ് കണ്ടെത്തി.
‘ദൃശ്യം -4’ നടത്തിയെന്ന് ജോമോൻ പറയുന്നതായി പോലീസ് കണ്ടെടുത്ത കോൾ റെക്കോർഡിൽ കേൾക്കാം. ജോമോൻ്റെ ഫോണിൽ നിന്നാണ് കോൾ റെക്കോർഡ് പോലീസിന് ലഭിച്ചത്.
ശബ്ദത്തിൻ്റെ ആധികാരികത പരിശോധിക്കാൻ പൊലീസ് വോയ്സ് ടെസ്റ്റ് നടത്തുമെന്നും ജോമോൻ വിളിച്ച ആളുകളുടെ മൊഴിയെടുക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
അതേസമയം, ജോമോൻ ഉൾപ്പെടെയുളള പ്രതികൾക്കായി പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷ ഇന്ന് തൊടുപുഴ കോടതി പരിഗണിച്ചേക്കും.
ജോമോൻ്റെ ഭാര്യയുടെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് സൂചന. തട്ടിക്കൊണ്ടുപോകൽ ഇവർക്കറിയാമായിരുന്നെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ബിസിനസ് പങ്കാളികളായ ബിജുവും ജോമോനും പങ്കുകച്ചവടം വേർപിരിഞ്ഞ ശേഷം നടന്ന തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി മാലിന്യക്കുഴിയിൽ മൃതദേഹം താഴ്ത്തുകയായിരുന്നു. ബിജുവിന്റെ ഭാര്യ മഞ്ജു നൽകിയ പരാതി അന്വേഷിച്ചാണു പൊലീസ് പ്രതികളെ കണ്ടെത്തിയത്.