രാജ്യത്ത് മതപരിവർത്തന നിരോധന നിയമപ്രകാരം ശിക്ഷ വിധിക്കുന്നത് ഇതാദ്യം. പാസ്റ്റർമാരായ മലയാളി ദമ്പതികളെ അഞ്ച് വർഷത്തേക്ക് ശിക്ഷിച്ചു.
ഉത്തർ പ്രദേശിലെ അംബേദ്കർ ജില്ലാ സെഷൻസ് കോടതിയാണ് ജോസ് പാപ്പച്ചൻ – ഷീജ പാപ്പച്ചൻ ദമ്പതികളെ ശിക്ഷിച്ചത്. അഞ്ചു വർഷം തടവും 25000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.
ദലിത് ഹിന്ദു വിഭാഗത്തിലെ പാവപ്പെട്ടവരെ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യിച്ചു എന്നാണ് കുറ്റം. പത്തനംതിട്ട ജില്ലയിലെ തിരുവല്ല – പുറമറ്റം സ്വദേശികളായ ജോസ് പാപ്പച്ചനും ഭാര്യ ഷിജയും ഉത്തർപ്രദേശിലെ അംബേദ്കർ ജില്ലയിൽ വർഷങ്ങളായി സുവിശേഷ പ്രവർത്തനം നടത്തി വരികയായിരുന്നു.
2021 ലാണ് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ മതപരിവർത്തന നിരോധന നിയമം പാസ്സാക്കിയത്. ഈ നിയമ പ്രകാരമാണ് 2023 ജനുവരി 24 ന് ഇവരെ ബിജെപി പ്രാദേശിക നേതാവായ ചന്ദ്രികപ്രസാദിന്റെ പരാതിയിൽ ജലാൽപൂർ പോലീസ് അറസ്റ്റ് ചെയ്തത്.
എട്ടു മാസത്തോളം റിമാന്റ് തടവുകാരായി ജയിലിൽ കഴിഞ്ഞു. 2023 സെപ്റ്റംബർ 25 ന് അലഹബാദ് ഹൈക്കോടതി ജാമ്യം നൽകി. ഇവർക്ക് വേണ്ടി ജാമ്യം നിൽക്കാൻ വന്നവർക്ക് പോലും ഭീഷണി നേരിടേണ്ടി വന്നു.
പാസ്റ്റർ ദമ്പതികൾ ജയിലിൽ കിടക്കുമ്പോൾ തന്നെ അതിവേഗം കുറ്റപത്രം സമർപ്പിക്കുകയും ജില്ലാ സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.
പണം നൽകിയും, പ്രലോഭിപ്പിച്ചും മതപരിവർത്തനം നടത്തിയെന്നതിന് കാര്യമായ മൊഴികളോ തെളിവുകളോ ലഭിക്കാതിരുന്നിട്ടും ഇരുവരുടേയും വാദങ്ങൾ കോടതി അംഗീകരിച്ചില്ല.
ഈ മാസം 18നാണ് കോടതി വിധി പ്രസ്താവം നടത്തിയത്. ജോസ് പാപ്പച്ചൻ അസുഖബാധിതനായി ആശുപത്രിയിലാണ്. വിധി പ്രഖ്യാപിക്കുമ്പോൾ ഭാര്യ ഷീജ പാപ്പച്ചൻ കോടതിയിൽ ഹാജരായിരുന്നു.
മതപരിവർത്തനം നടത്തിയെന്ന സംശത്തിന്റെ പേരിലാണ് ഇരുവരേയും കോടതി ശിക്ഷിച്ചത്. വിധി പ്രസ്താവം ഞെട്ടൽ ഉളവാക്കുന്നതാണെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ദേശീയ കോർഡിനേറ്റർ എ സി മൈക്കിൾ പറഞ്ഞു.
മേൽ കോടതിയിൽ അപ്പീൽ നൽകുമെന്ന് ജോസ് പാപ്പച്ചന്റെ സുഹ്രുത്തുക്കൾ പ്രതികരിച്ചിട്ടുണ്ട്.