എറണാകുളം–ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സർവീസ് ഉടനുണ്ടാകില്ലെന്ന് റിപ്പോർട്ട്. മൂന്നാം വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തിയെങ്കിലും എറണാകുളം റയിൽവെ സ്റ്റേഷനിലെ അസൗകര്യങ്ങളാണ് സർവീസ് തുടങ്ങാൻ തടസ്സമാകുന്നത്. വന്ദേഭാരത് സർവീസ് ആരംഭിക്കാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്തതിനാൽ എറണാകുളത്തിന് ലഭിച്ച ആദ്യ വന്ദേഭാരത് ട്രെയിൻ മൈസൂരു–ചെന്നൈ റൂട്ടിലേക്ക് മാറ്റിയിരുന്നു. അതിന് ശേഷം ഇപ്പോഴെത്തിയ ട്രെയിനും കേരളത്തിന് നഷ്ടമാകുമോ എന്ന ആശങ്ക ശക്തമാണ്.
ബെംഗളൂരുവിൽനിന്നു രാത്രി 11.30ന് പുറപ്പെട്ട് രാവിലെ 8ന് എറണാകുളത്ത് എത്തി ഉച്ചയ്ക്ക് 1ന് മടങ്ങുന്ന സമയക്രമമാണ് വന്ദേഭാരതിന് പരിഗണിക്കുന്നത്. എന്നാൽ രാവിലെ 8 മുതൽ 1 വരെ വന്ദേഭാരതിന് പ്ലാറ്റ്ഫോം നൽകുക എളുപ്പമല്ലെന്നാണ് ട്രാഫിക് വിഭാഗത്തിന്റെ നിലപാട്. രാവിലെ എത്തുന്ന മംഗള ഉൾപ്പെടെ പ്ലാറ്റ്ഫോമിൽനിന്ന് മാറ്റാൻ വൈകുന്നുവെന്ന പ്രശ്നം സൗത്തിലുണ്ട്.
വന്ദേഭാരതിന്റെ അറ്റകുറ്റപ്പണിക്ക് വൈദ്യുതീകരിച്ച പിറ്റ്‌ലൈൻ ആവശ്യമാണ്. വൈദ്യുതീകരണ ജോലി ഇലക്ട്രിക്കൽ വിഭാഗം പൂർത്തിയാക്കിയെങ്കിലും നിർമാണത്തിലെ അപാകത മൂലം സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. മാർഷലിങ് യാഡിലെ മൂന്നാം പിറ്റ്‌ലൈനോടു ചേർന്നുള്ള ഓട നിർമാണവും തീരാനുണ്ട്.ആവശ്യത്തിന് മെക്കാനിക്കൽ ജീവനക്കാരില്ലാത്തതും എറണാകുളം സൗത്ത് സ്റ്റേഷനിൽ രാവിലെ പ്ലാറ്റ്ഫോം ഒഴിവില്ലാത്തതും വന്ദേഭാരത് ആരംഭിക്കാൻ തടസ്സങ്ങളാണ്.
ട്രെയിനുകളിലെ ജനറേറ്റർ കാറിൽ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം 3, 4 പ്ലാറ്റ്ഫോം ലൈനുകളിൽ നടുക്കായാണുള്ളത്. ജനറേറ്റർ കാർ പുറകിലായതിനാൽ ട്രെയിൻ മുന്നോട്ട് കയറ്റി നിർത്തിയാൽ മാത്രമേ ഫ്യൂവലിങ് പോയിന്റിൽനിന്ന് ഇന്ധനം നിറയ്ക്കാൻ കഴിയൂ. ഇത് യാഡിലെ മറ്റു ട്രെയിനുകളുടെ നീക്കത്തെ ബാധിക്കുന്നുണ്ട്. എല്ലാ പ്ലാറ്റ്ഫോം ലൈനുകളിലും ഫ്യുവൽ പോയിന്റുകൾ സ്ഥാപിക്കാനും നിലവിലുള്ളതിന്റെ സ്ഥാനം മാറ്റാനും ഡിവിഷൻ കത്തയയ്ക്കുന്നതല്ലാതെ ദക്ഷിണ റെയിൽവേ അനങ്ങുന്നില്ല.
എറണാകുളം–കാരയ്ക്കൽ എക്സ്പ്രസ് നോർത്ത് വഴി കോട്ടയത്തേക്കു നീട്ടണമെന്ന നിർദേശവും നടപ്പായാൽ സൗത്തിലെ തിരക്ക് കുറയ്ക്കാം. വേണാട് എക്സ്പ്രസ് നോർത്ത് വഴിയാക്കണമെന്ന ശുപാർശയും നടപ്പായിട്ടില്ല.