പഴ ലാപ്‌ടോപ്പുകൾ എടുക്കാതെ പുതിയതുമാത്രം മോഷ്ടിച്ച് കള്ളന്മാർ. പത്തനംതിട്ട മാങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലാപ്ടോപ്പുകൾ കാണാതായതിലാണ് വിചിത്രമായ സംഭവം നടന്നിരിക്കുന്നത്. ഇക്കഴിഞ്ഞ 27 ആം തീയതിയാണ് സ്കൂളിൽ മോഷണശ്രമമുണ്ടായത്. (Thieves steal new laptops from Mangode government school)
ഓഫീസ് മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ആറ് പുതിയ ലാപ്ടോപ്പുകൾ ആണ് മോഷണം പോയത്. അറുപതിനായിരം രൂപ വീതം വിലവരുന്ന ലാപ്ടോപ്പുകളാണ് കാണാതായത്.
കൈറ്റ് പദ്ധതിയിൽ കിട്ടിയ ലാപ്ടോപ്പുകളാണ് അപ്രത്യക്ഷമായത്. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എട്ട് ലാപ്ടോപ്പുകൾ ഓഫീസിൽ തന്നെയുണ്ടായിരുന്നു. അതെടുക്കാതെ പുതിയവ മാത്രം കാണാതായതിലാണ് സംശയം ഉയരുന്നത്.
സ്കൂളിൽ മോഷണശ്രമം നടന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന ആറ് ലാപ്ടോപ്പുകൾ കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്.
ലാപ്ടോപ്പുകൾ പൂട്ടിവെച്ചിരുന്ന അലമാരയുടെ താക്കോലും സ്കൂളിൽ തന്നെയുണ്ട്. താക്കോൽ ഉപയോഗിച്ച് തുറന്നാണ് മോഷണം നടന്നിരിക്കുന്നത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ കൂടൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.