ഇടുക്കി രാജാക്കാട് വീടിനു പുറത്ത് തുണി കഴുകി കൊണ്ടിരുന്ന വീട്ടമ്മയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണമാല പൊട്ടിച്ചു കൊണ്ടുപോയ മോഷ്ടാവിനെ ഒന്നര കിലോമീറ്റർ അകലെ നിന്നും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി വാസന്തകുമാർ(34)നെയാണ് ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തത്.
മുരിക്കുംതൊട്ടി പാണനാ ലിൽ ഏബ്രഹാമിന്റെ ഭാര്യ മേരിക്കുട്ടി(60) വീടിന് പുറത്ത് തുണി കഴുകുമ്പോഴാണ് സംഭവം. പിന്നാലെ എത്തിയ വസന്തകുമാർ മേരിക്കുട്ടിയുടെ വായ കൈകൊണ്ട് പൊത്തിയത്. ആദ്യം പേടിച്ചെങ്കിലും പിന്നീട് ധൈര്യം വീണ്ടെടുത്ത മേരിക്കുട്ടി പിടിവിടുവിക്കാനായി മൽപ്പിടുത്തം നടത്തി.
ഇതോടെ മോഷ്ടാവ് മേരിക്കുട്ടിയുടെ കാലിൽ ചവിട്ടി വീഴ്ത്തിയശേഷം കത്തിയെടുത്ത് കഴുത്തിൽ വച്ചു. തുടർന്ന് നാല് പവൻ തൂക്കമുള്ള സ്വർണ്ണമാല പൊട്ടിച്ച് ഓടി രക്ഷപ്പെട്ടു. പിന്നാലെയെത്തിയ മേരിക്കുട്ടി ബഹളം വച്ചതോടെ അടുത്തുള്ള ഓഡിറ്റോറിയത്തിൽ ഭക്ഷണം എത്തിച്ച കാറ്ററിങ്ങ് സ്ഥാപനത്തിലെ ജീവനക്കാർ ഓടിയെത്തി കാര്യം തിരക്കി.
തുടർന്ന് ഇവരും നാട്ടുകാരിൽ ചിലരും വാഹനത്തിൽ മോഷ്ടാവ് പോയ പൂപ്പാറ ഭാഗത്തേക്ക് പോയി. ഇതിനിടെ പ്രതി വസന്തകുമാർ പൂപ്പാറ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോറിക്ഷയിൽ കയറിപ്പോയി.
പിന്നാലെ വാഹനത്തിലെത്തിയ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരും നാട്ടുകാരും എസ്റ്റേറ്റ് പൂപ്പാറയിൽ വച്ച് ഓട്ടോറിക്ഷ തടഞ്ഞ് ഇയാളെ പിടികൂടി. ഇതിനു മുൻപ് തന്നെ ശാന്തൻപാറ പോലീസിനെ വിവരം അറിയിച്ചതിനാൽ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
ആദ്യം വസന്തകുമാറിന്റെ പക്കൽ നിന്നും മാല കണ്ടെടുക്കാനായില്ല. തുടർന്ന് ഇയാൾ സഞ്ചരിച്ച ഓട്ടോറിക്ഷ പരിശോധിച്ചപ്പോൾ മാറ്റിനടിയിൽ നിന്നും മാല കണ്ടെടുത്തു. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബോഡിനായ്ക്കന്നൂർ സ്വദേശിയായ വസന്തകുമാർ ആറ് മാസം മുൻപ് ജോലി തേടി പൂപ്പാറ മൂലത്തുറയിൽ എത്തിയതാണ്. ഇവിടെ വാടകവീട്ടിലാണ് താമസം. തമിഴ് നാട്ടിൽ പ്രതിക്കെതിരെ ഒട്ടേറെ കേസുകളുണ്ട്.