കെട്ടിടം പൊളിക്കുന്നതിനിടെ നിധി ലഭിച്ചതായി പ്രചരിപ്പിച്ച ശേഷം വ്യാജ സ്വര്‍ണം നൽകി നാലു ലക്ഷം രൂപ തട്ടിയ കേസില്‍ ഇതര സംസ്ഥാന തൊഴിലാളികളായ നാലംഗ സംഘത്തിലെ മൂന്നുപേരെ ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. (The youth spread the word that they found the treasure while demolishing the building)
നാദാപുരത്തെ ജെസിബി ഡ്രൈവറായ സിറാജുല്‍ ഇസ്ലാമാണ് തട്ടിപ്പിന്റെ സൂത്രധാരന്‍. നാദാപുരത്തെ ഒരു കെട്ടിടം പൊളിക്കുന്നതിനിടെ തനിക്ക് സ്വര്‍ണമടങ്ങുന്ന നിധി ലഭിച്ചതായി സിറാജുല്‍ നാട്ടില്‍ പരസ്യപ്പെടുത്തിയിരുന്നു. ഏഴ് ലക്ഷം തന്നാല്‍ നിധിയായി ലഭിച്ച സ്വര്‍ണശേഖരം നല്കാമെന്നും പ്രചരിപ്പിക്കുകയും ചെയ്തു.
വാർത്ത കേട്ട നാദാപുരം സ്വദേശികളായ രാജേഷ്, ലെനിന്‍ എന്നിവര്‍ സിറാജുലിനെ സമീപിക്കുകയും ധാരണയിലെത്തുകയും ചെയ്തു. തുടർന്ന് ഇടപാടുകള്‍ നടത്താനായി കാറില്‍ തൃശൂരിലെത്തി. സിറാജുല്‍ ഇവിടേക്ക് സുഹൃത്തുക്കളായ മറ്റ് മൂന്നുപേരേയും വിളിച്ചുവരുത്തി. സ്വര്‍ണം കൈമാറുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞ് ആറുപേരും ചേര്‍ന്ന് കാറില്‍ ചാലക്കുടി റെയില്‍വേ സ്റ്റേഷനിലെത്തി.
മുന്‍കൂറായി നാലുലക്ഷം നൽകാമെന്നും സ്വര്‍ണം വിൽപന നടത്തിയ ശേഷം ബാക്കി തുക കൈമാറാമെന്നും ഇവിടെവച്ച് ധാരണയായി. തുടര്‍ന്ന് പണം കൈപ്പറ്റി സ്വര്‍ണമാണെന്ന് പറഞ്ഞ പൊതി കൈമാറി. പൊതിയഴിച്ച് കട്ടറുപയോഗിച്ച് ലോഹം മുറിച്ചതോടെ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞു.
ഇതിനിടെ പൊതി തട്ടിപ്പറിച്ച് പണവുമായി അസം സ്വദേശികള്‍ റെയില്‍വേ ട്രാക്കിലൂടെ ഓടി. കുറച്ച് ദൂരം ഇവരെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. തുടര്‍ന്നാണ് ഇവര്‍ ചാലക്കുടി പോലീസില്‍ പരാതി നല്കിയത്. കാര്‍ വാങ്ങാനാണെത്തിയതെന്നും അതിനായാണ് പണം നല്കിയതെന്നുമാണ് സ്റ്റേഷനില്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നിധിയുടെ കഥ പുറത്തായത്.