വടിവാൾ കൊണ്ടൊരു കേക്ക് മുറിക്കുമ്പോൾ അത് ഇത്ര വലിയ പുലിവാലായി മാറും എന്ന് യുവാക്കൾ കരുതിയിരിക്കില്ല. പത്തനംതിട്ടയിൽ ആവേശം സിനിമ മോഡൽ റീൽസ് എടുത്ത യുവാക്കൾ വിഷമവൃത്തത്തിൽ ആയത് ഒട്ടൊന്നുമല്ല. പത്തനംതിട്ട ഇലവുംതിട്ടയിലാണ് സംഭവം.
യുവാക്കൾ വടിവാൾ കൊണ്ട് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വൈറൽ ആയതോടെയാണ് പോലീസ് ശ്രദ്ധിക്കുന്നത്. ഇതേ തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് വടിവാൾ തടി കൊണ്ടുള്ളതാണെന്ന് കണ്ടെത്തിയതോടെ ആശങ്ക ആശ്വാസത്തിന് വഴിമാറി. എന്നാൽ നടപടിക്രമങ്ങൾ ഒഴിവാക്കാൻ ആവില്ലല്ലോ.
ദൃശ്യങ്ങളിൽ കണ്ട യുവാക്കളെ കയ്യോടെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി തടികൊണ്ടുള്ള വാൾ കസ്റ്റഡിയിലെടുത്തു. വാൾ നാടക സംഘത്തിന്റെ പക്കൽ നിന്ന് വാടകയ്ക്ക് എടുത്തതാണെന്ന് പോലീസ് പറയുന്നു. ഏതായാലും യുവാക്കളുടേത് വെറും തമാശയാണെന്നും സംഭവത്തിൽ കേസെടുക്കേണ്ട ആവശ്യമില്ല എന്ന നിലപാടിലുമാണ് പോലീസ്.
Read also: തൃശ്ശൂരിൽ വന്ദേഭാരതിന് നേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ല് തകർന്നു